ബിഷ്കേക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനിയും തമ്മിൽ നടത്താനിരുന്ന കൂടികാഴ്ച റദ്ദാക്കി. സമയക്കുറവ് മൂലമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വ്യാഴാഴ്ച രാത്രിയാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച തീരുമാനിച്ചത്. കിർഗിസ്താനിലെ ബിഷ്കേകിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ) ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇതിനിടെ കൂടികാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, നിശ്ചയിച്ചിരുന്ന ചില ഔദ്യോഗിക പരിപാടികൾ വൈകിയതോടെ കൂടികാഴ്ച റദ്ദാക്കുകയായിരുന്നു.
അമേരിക്ക ഇറാന് മേൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിശ്ചയിച്ചിരുന്ന കൂടികാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയായിരുന്നു. ഇന്ത്യ പ്രധാനമായും പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങിയിരുന്നത് ഇറാനിൽ നിന്നായിരുന്നു. പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ഡോളറിന് പകരം രൂപയിൽ പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്നും ഇറാൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.