ഒട്ടാവ: ഗ്രീസ് തീരത്ത് കടലിൽ തകർന്നുവീണ കനേഡിയൻ സൈനിക ഹെലികോപ്റ്ററിലെ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചു പേരെ കാണാതായെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
മറൈൻ സിസ്റ്റംസ് എൻജിനീയറിങ് ഒാഫീസർ സബ് ലെഫ്റ്റനന്‍റ് അബിഗെയ്ൽ കൗബ്രോഹിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. കാപ്റ്റൻ ബ്രെൻഡൻ ഇയാൻ മക്ഡോണാൾഡ്, കാപ്റ്റൻ കെവിൻ ഹാഗൻ, കാപ്റ്റൻ മാക്സിം മിറോൻ മോറിൻ, സബ് ലഫ്റ്റനന്‍റ് മാത്യു പൈക്, മാസ്റ്റർ കോർപ് മാത്യു കസിൻസ് എന്നിവരെയാണ് കാണാതായത്.
കോപ്റ്റർ തകർന്നു വീണത് വിശാലമായ കടലിലാണെന്നും അതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് ദുഷ്കരമാണെന്നും പ്രതിരോധ സേനാ മേധാവി ജൊനാഥൻ വാൻസ് വ്യക്തമാക്കി.
നാറ്റോയ്ക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് നാവികസേനുടെ സികോർസ്കി സി.എച്ച്-124 സീകിങ് ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. ലോനിയൻ കടലിലെ സിഫാലോനിയ ദ്വീപിലായിരുന്നു അപകടം.
റോയൽ കനേഡിയൻ വ്യോമസേനയിലെ നാലു പേരും നാവികസേനയിലെ രണ്ടു പേരുമാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ അഞ്ചു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.