ബ്രസൽസ്: നാറ്റോ സഖ്യ രാജ്യങ്ങളുടെ സുപ്രധാന ഉച്ചകോടിയിൽ വാക്പോര്. ജർമനി റഷ്യയുടെ തടവിലാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടൻബർഗിനോട് പറഞ്ഞു. ഒൗദ്യോഗിക ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പുള്ള പ്രഭാതഭക്ഷണ സമയത്തെ യോഗത്തിലാണ് ട്രംപ് ജർമനിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.
റഷ്യയിൽനിന്ന് എണ്ണ-വാതക ഇറക്കുമതി ചെയ്യുന്ന ജർമനിയുടെ നടപടിയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ജർമനി ഇത്തരം നടപടി തുടരുേമ്പാൾ യൂറോപ്പിെൻറ സുരക്ഷക്ക് പണം ചെലവഴിക്കാൻ യു.എസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ കോടിക്കണക്കിന് ഡോളർ റഷ്യക്ക് നൽകുന്നു. എന്നിട്ട് ഞങ്ങൾ അവരെ റഷ്യയിൽനിന്ന് രക്ഷിക്കണം. ജർമനി റഷ്യയുടെ തടവിലാണെന്നാണ് എനിക്ക് തോന്നുന്നത് -ട്രംപ് നാറ്റോ സെക്രട്ടറി ജനറലിനോട് പറഞ്ഞു. ജർമനിയും റഷ്യയും തമ്മിലുള്ള പൈപ്പ്ലൈൻ പദ്ധതിയിൽ നാറ്റോ രാജ്യങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.
അതേസമയം, തെൻറ രാജ്യത്തിന് സ്വതന്ത്രമായ നയങ്ങളും തീരുമാനങ്ങളുമുണ്ടെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ തിരിച്ചടിച്ചു. ജർമനിക്കെതിരെ ട്രംപിെൻറ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ബ്രസൽസിലെത്തിയ മെർകൽ മറുപടി നൽകിയത്. നാറ്റോയുടെ നിലനിൽപിനായി ജർമനിയും ഏറെ ചെലവഴിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ബാൾടിക് സമുദ്രം വഴി ജർമനിയിലേക്ക് റഷ്യയിൽനിന്ന് വാതകമെത്തിക്കുന്ന രണ്ടാമത് പൈപ്പ്ലൈനിന് ജർമനി അംഗീകാരം നൽകിയതാണ് ട്രംപിെൻറ പ്രസ്താവനക്ക് കാരണമായത്. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഉപരോധമേർപ്പെടുത്തുമെന്ന് നേരത്തേ യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച 29 അംഗ നാറ്റോ സൈനിക സഖ്യത്തിെൻറ വാർഷിക യോഗം ട്രംപിെൻറ സാന്നിധ്യമുള്ളതിനാൽ വാക്പോരിലേക്ക് നീങ്ങുമെന്ന് നേരത്തേതന്നെ വിലയിരുത്തപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.