കറാക്കസ്: വെനിസ്വേലയിൽ പ്രസിഡൻറ് നികളസ് മദൂറോക്കെതിരെ മാസങ്ങൾ പിന്നിട്ട പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഭരണഘടന പൊളിച്ചെഴുതുന്നത് ഉൾപ്പെടെ നടപടികൾക്ക് അധികാരമുള്ള പ്രത്യേക അസംബ്ലി രൂപവത്കരിക്കാൻ മദൂറോ നീക്കം തുടരുന്നതിനിടെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. ഞായറാഴ്ച ലക്ഷങ്ങളെ തെരുവിലിറക്കി തലസ്ഥാന നഗരത്തിൽ പ്രതിഷേധജ്വാല തീർത്തതിനു പുറമെ അനൗദ്യോഗിക ഹിതപരിശോധനയും നടത്തി. 72 ലക്ഷത്തോളം പേർ പ്രസിഡൻറിനെതിരെ വോട്ടുചെയ്യാനെത്തിയതായി സംഘാടകർ പറഞ്ഞു. 2013ൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതിെൻറ മൂന്നിലൊന്ന് പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടും ഇത്രയുമേറെ പേർ എത്തിയത് വൻ വിജയമാണ്. ഹ്യൂഗോ ഷാവെസിെൻറ പിൻഗാമിയായി 75 ലക്ഷം വോട്ടുകളുമായി അധികാരമേറ്റ മദൂറോയെ താഴെയിറക്കാൻ പുതിയ മുന്നേറ്റത്തിനാകൂമെന്ന് പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടു.
ഹിതപരിശോധന നിയമവിരുദ്ധമായി പ്രഖ്യാപിച്ച മദൂറോ ഇൗ മാസം 30ന് യഥാർഥ വോെട്ടടുപ്പ് നടത്തുമെന്നും ജനം അനുകൂലമായി വിധിയെഴുതിയാൽ കൂടുതൽ അധികാരങ്ങളുള്ള പുതിയ അസംബ്ലി നിലവിൽവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടന പൊളിച്ചെഴുതുന്നതിനു പുറമെ സർക്കാറിനു കീഴിലെ സ്ഥാപനങ്ങളെ പിരിച്ചുവിടാനും അധികാരമുള്ളതായിരിക്കും ‘ഭരണഘടന അസംബ്ലി’. കറാക്കസിനോടു ചേർന്നുള്ള ഉൾഗ്രാമമായ കാറ്റിയയിൽ വോട്ടുചെയ്യാനെത്തിയ ഒരു സ്ത്രീ വെടിയേറ്റു മരിച്ചത് സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്. മാസങ്ങൾക്കിടെ മദൂറോ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നൂറിലേറെ പേർ മരിച്ചതായാണ് കണക്ക്. പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി ‘ശൂന്യവേള’യെന്ന പേരിൽ പുതിയ സമരവും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ട് നീണ്ട സോഷ്യലിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാനെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമരമുറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.