‘എന്തും ഹാക്ക് ചെയ്യാൻ കഴിയും’; ഇ.വി.എം വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വീണ്ടും മസ്ക്

ന്യൂഡൽഹി: ഇലോൺ മസ്ക് ഉയർത്തിവിട്ട ഇ.വി.എം വിവാദം ചൂടുപിടിക്കുന്നു. മസ്കിന്റെ ആദ്യ പോസ്റ്റിന് മറുപടിയായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവെച്ച പോസ്റ്റ് തിരുത്തി മസ്ക് വീണ്ടും രംഗത്തെത്തി. പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം ഇ.വി.എം തന്നെയാണെന്നും ഇന്ത്യൻ ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകൾ സുരക്ഷിതവും ഒറ്റപ്പെട്ടതുമാണെന്നുമായിരുന്നു ബി.ജെ.പി നേതാവും മുൻ ഐ.ടി മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടത്.

‘സാങ്കേതികമായി നോക്കുമ്പോള്‍ നിങ്ങളുടെ അവകാശവാദം ശരിയാണ്. ക്വാണ്ടം കംപ്യൂട്ടിലൂടെ ഏത് എന്‍ക്രിപ്ഷനും ഡീക്രിപ്റ്റ് ചെയ്യാന്‍ കഴിയും. അതിലൂടെ ഒരു വിമാനത്തിന്റെ കോക്പിറ്റിന്റെ നിയന്ത്രണം ഉള്‍പ്പടെ ഏത് ഡിജിറ്റല്‍ ഹാര്‍ഡ്‌വെയറും ഹാക്ക് ചെയ്യാം. എന്നാല്‍ ഇ.വി.എം ഇതില്‍നിന്നും വ്യത്യസ്തമാണ്. പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം ഇ.വി.എം തന്നെയാണെന്ന്’ രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

എന്നാൽ, ചന്ദ്രശേഖറിന്റെ അവകാശവാദം തള്ളിക്കളഞ്ഞ മസ്ക് എന്തും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഒഴിവാക്കണം എന്ന് മസ്‌ക് ശനിയാഴ്ച എക്‌സിൽ പറഞ്ഞതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച വെർച്വൽ ലോകത്ത് ആരംഭിച്ചത്. തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ഇത് റീ ട്വീറ്റ് ചെയ്ത് കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച പോസ്റ്റിനാണ് ഇപ്പോള്‍ മസ്‌ക് മറുപടി നല്‍കിയിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട്. എഫ്. കെന്നഡി ജൂനിയർ ഇ.വി.എം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്ക് ആദ്യ പോസ്റ്റുമായി വന്നത്.

Tags:    
News Summary - EVM Row: 'Anything Can Be Hacked,' Elon Musk Tells Former IT Minister Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.