കാഠ്മണ്ഡു: തന്‍റെ പാർട്ടിയായ സി.പി.എൻ-യു.എം.എൽ വീണ്ടും അധികാരത്തിലെത്തിയാൽ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ ഇന്ത്യയിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി െക.പി. ശർമ ഒലി.
ഇന്ത്യയുമായി നിരന്തര ചർച്ചകൾ നടത്തിയാകും ഇത് സാധ്യമാക്കുകയെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂനിഫൈഡ് മാർക്സിസ്റ്റ ലെനിനിസ്റ്റ്) 10ാം ജനറൽ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ശർമ്മ ഒലി പറഞ്ഞു. തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെ ചിത്വാനിലാണ് സമ്മേളനം.
'പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നേപ്പാളിന്‍റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ചയിലൂടെ തിരിച്ചുപിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽ രാജ്യങ്ങളുമായി ശത്രുതക്ക് താൽപര്യമില്ല' -ശർമ്മ ഒലി പറഞ്ഞു.
ലിപുലേഖ് ചുരത്തിനെയും ഉത്തരാഖണ്ഡിലെ ധർചുലയെയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ ദൂരമുള്ള തന്ത്രപ്രധാനമായ റോഡ് 2020 മേയ് എട്ടിന് ഇന്ത്യ തുറന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തങ്ങളുടെ ഭൂപ്രദേശത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നതെന്നായിരുന്നു നേപ്പാളിന്‍റെ വാദം.
ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന് ഇന്ത്യയും, അല്ല സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും പറയുന്നു. ഇതോടെ ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കി. നേപ്പാൾ പാർലമെന്‍റും പുതിയ ഭൂപടം അംഗീകരിച്ചു.
ഈ നീക്കത്തിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. നേപ്പാളിേന്റത് ഏകപക്ഷീയമായ നടപടിയെന്ന് വിശേഷിപ്പിച്ച ഇന്ത്യ 'കൃത്രിമ വിപുലീകരണം' അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.