ലാഹോർ: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് മൂന്നു വർഷം തടവുശിക്ഷ. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിൽപന നടത്തിയ പണം വെളിപ്പെടുത്തിയില്ലെന്ന കേസിലാണ് ഇസ്‍ലാമാബാദിലെ വിചാരണക്കോടതി ജഡ്ജി ഹുമയൂൺ ദിലാവർ ശിക്ഷിച്ചത്.
ലക്ഷം പാകിസ്താനി രൂപ പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷയനുഭവിക്കണം. രണ്ട് വർഷത്തിലധികമുള്ള തടവ് ശിക്ഷയായതിനാൽ അധികാര സ്ഥാനങ്ങളിലെത്തുന്നതിൽ നിന്ന് ഇംറാന് അഞ്ചു വർഷത്തെ വിലക്കും നേരിടേണ്ടി വരും.
അതേസമയം, വിധിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്.വിധിക്കു പിന്നാലെ ലാഹോറിലെ സമാൻ പാർക് വസതിയിൽനിന്ന് ഇംറാൻ ഖാനെ കസ്റ്റഡിയിലെടുത്ത പൊലീസ് റാവൽപിണ്ടിയിലെ ജയിലിലേക്ക് കൊണ്ടുപോയി.
പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഇംറാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം പാർലമെന്റിൽ അയോഗ്യനാക്കപ്പെടുകയും ചെയ്തു. മാസങ്ങളോളം അറസ്റ്റിൽനിന്ന് മാറിനിന്ന ഇംറാനെ ജയിലിൽ വിചാരണക്ക് ഹാജരായില്ലെന്ന കാരണം നിരത്തി കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്തു.
നാടകീയമായ സംഭവങ്ങൾക്കു പിന്നാലെ പാർട്ടി നേതാക്കളും അണികളുമടക്കം ആയിരങ്ങൾ അറസ്റ്റു ചെയ്യപ്പെട്ടു. ഇംറാനെതിരെ നൂറോളം കേസുകളും ചുമത്തപ്പെട്ടു. അന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും ഏതുനിമിഷവും പിടിയിലാകുമെന്ന സൂചന നിലനിന്നിരുന്നു.
2018ൽ പട്ടാളപിന്തുണയോടെ അധികാരമേറിയ ഇംറാൻ പിന്നീട് അവരെ ചൊടിപ്പിച്ചതാണ് അഴിയൊരുക്കിയതെന്ന് ആരോപണമുണ്ട്. രാജ്യത്ത് അതിവേഗം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇംറാന്റെ ആവശ്യം. അടുത്ത നവംബറിൽ നടക്കേണ്ടതാണെങ്കിലും ഇതുവരെ നടപടികളുണ്ടായിട്ടില്ല.
അറസ്റ്റുചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് ഇംറാൻ തയാറാക്കി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അടങ്ങിയിരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിറങ്ങിയ നിരവധി പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പ്രവർത്തകരെ അറസ്റ്റുചെയ്തിട്ടുണ്ട്.
ഇംറാനെ 200 പൊലീസുകാരെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കാണിച്ച് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് ലാഹോർ ഹൈകോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.