ന്യൂഡൽഹി: ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി കൊല്ലപ്പെട്ടുവെന്ന വാർത്ത വൈറലായിരിക്കുകയാണ്. എന്നാൽ, ഇത് വ്യാജ അവകാശ വാദമാണെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആയ ഡി.എഫ്.ആർ.എസി പുറത്തുവിട്ടു.
ഞായറാഴ്ച രാത്രി ബിൻയാമിന മേഖലക്കു സമീപം ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഐ.ഡി.എഫ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഹെർസി ഹലേവി കൊല്ലപ്പെട്ടു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഡി.എഫ്.ആർ.എസി പറഞ്ഞു. അറുപതിലധികം പേരുടെ പരിക്കുകൾക്ക് കാരണമായ സംഭവത്തെത്തുടർന്ന് ഹലേവിയുടെ മരണവാർത്ത അതിവേഗം പ്രചരിച്ചു. എന്നാൽ, അന്വേഷണത്തിൽ അവകാശവാദങ്ങൾ തെറ്റാണെന്ന് തങ്ങൾ കണ്ടെത്തിയെന്ന് ഡി.എഫ്.ആർ.എസി പറയുന്നു.
‘ഈ വാർത്തയുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചു. ഒക്‌ടോബർ 13ന് പ്രസിദ്ധീകരിച്ച ‘ജറുസലേം പോസ്റ്റി’ലെ റിപ്പോർട്ട് അനുസരിച്ച് ഹിസ്ബുള്ള ആക്രമണത്തിൽ ഐ.ഡി.എഫ് മേധാവി ഹലേവിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ കിംവദന്തികൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതായി പറയുന്നു. കൂടാതെ, 14ന് പ്രസിദ്ധീകരിച്ച ‘ടൈംസ് നൗ’ നിന്നുള്ള റിപ്പോർട്ടും ഞങ്ങൾ പരിശോധിച്ചു. ഈ വാർത്ത തെറ്റാണെന്ന് വസ്തുതാ പരിശോധനയിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ അവകാശവാദം വ്യാജമാണ് -ഡി.എഫ്.ആർ.എസി വ്യക്തമാക്കി.
‘ഇസ്രായേലി ആർമി ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവിയുടെ കൊല സ്ഥിരീകരിച്ചെന്ന നിലയിൽ ബ്രേക്കിങ് ആയി പുറത്തുവന്ന വാർത്തക്കൊപ്പം നിരവധി ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കിടുകയും അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.