തെഹ്റാൻ: ദിവസങ്ങൾക്കകം ഇറാൻ ഇസ്രായേലിനെ ശക്തമായി ആക്രമിക്കുന്ന സൂചന മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചു. ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. രാജ്യത്ത് അവർ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നതും റഷ്യയിൽനിന്ന് ആയുധങ്ങൾ എത്തിക്കുന്നതും ആക്രമണ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇറാൻ ശക്തമായി ആക്രമിച്ചേക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിക്കവേ സൂചിപ്പിച്ചു. യു.എസ്, മേഖലയിലേക്ക് പടക്കപ്പലുകൾ അയച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാൻ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്. ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനൽ 13 റിപ്പോർട്ട് ചെയ്തു. പാരിസ് ഒളിമ്പിക്സ് സമാപിക്കുന്നതുവരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മർദമാണ് തിരിച്ചടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിൽ ജനങ്ങളും ഭീതിയിലാണ്. മന്ത്രിമാർക്കും ഉന്നത സൈനികോദ്യോഗസ്ഥർക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ ഇറാൻ, ഇറാഖ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള സർവിസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയർലൈൻസ് സർവിസ് നിർത്തുന്നതായി തിങ്കളാഴ്ച അറിയിച്ചു. ജർമനിയിലെ ലുഫ്താൻസ തെൽ അവീവ്, തെഹ്റാൻ, ബൈറൂത്, അമ്മാൻ, ഇർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസ് നിർത്തിയത് ആഗസ്റ്റ് 21 വരെ നീട്ടി.
എയർ ഫ്രാൻസും അതിന്റെ ഉപ കമ്പനിയായ ട്രാൻസാവിയയും ബൈറൂത് വിമാന സർവിസ് നിർത്തിയത് ആഗസ്റ്റ് 15 വരെ നീട്ടി. അതിനിടെ ലെബനാനിൽനിന്ന് ഹിസ്ബുല്ല ഇസ്രായേലിലേക്ക് ആക്രമണം കനപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹിസ്ബുല്ല തൊടുത്ത റോക്കറ്റുകളും മിസൈലും അയൺ ഡോം പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് സൈനിക താവളത്തിൽ പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.