ഇസ്‍ലാമാബാദ്: പാകിസ്താനിൽ രൂക്ഷമായ വെള്ളപ്പൊക്കം മൂലം കൃഷികൾ നശിച്ചതിനാൽ ഇന്ത്യയിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നതായി പാക് ധനകാര്യമന്ത്രി മിഫ്താഹ് ഇസ്മഈൽ.
ഇസ്‍ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചതിനാൽ ജനങ്ങൾ പട്ടിണിയിലാണ്. അതൊഴിവാക്കാൻ പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019ൽ പാകിസ്താൻ ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കിയതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം വെട്ടിക്കുറച്ചതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യയുമായി വ്യാപാരം നടത്താൻ താത്പര്യപ്പെട്ട മന്ത്രിമാരെല്ലാം പടിയിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ വീട്ടിലിരിക്കാൻ തയാറാണെങ്കിൽ അത് ശരിയാണ്. സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ എനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നായിരുന്നു മന്ത്രി മിഫ്താഹ് ഇസ്മഈലിന്റെ മറുപടി.
വെള്ളപ്പൊക്കം മൂലം പച്ചക്കറികളുടെയും പഴങ്ങളുടെയും വിതരണം നിലച്ചുപോയി. ഇന്ത്യയിൽ നിന്ന് പച്ചക്കറികൾ ഇറക്കുമതി ചെയ്യണമെങ്കിൽ അത് ചെയ്യും - അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.