ബലൂചിസ്താൻ: പാകിസ്താനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയിലെ പ്രവർത്തകരടക്കം നാലു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു.
ബലൂചിസ്താനിലെ സിബി ഏരിയയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവർ സിബിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഇംറാൻ ഖാന് പ്രത്യേക കോടതി 10 വർഷം തടവ് വിധിച്ചതിന് പിന്നാലെ പ്രതിഷേധ റാലിക്ക് പി.ടി.ഐ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിലാണ് ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി 10 വർഷം തടവുശിക്ഷ വിധിച്ചത്.
2022 മാർച്ച് 27ന് നടന്ന പാർട്ടി റാലിയിൽ നയതന്ത്രരേഖയിലെ വിവരങ്ങൾ ഇംറാൻ വെളിപ്പെടുത്തിയെന്നതാണ് കേസ്. തന്‍റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇംറാൻ രേഖകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ തോഷഖാന കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വർഷം തടവ് അനുഭവിക്കുകയാണ് ഇംറാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.