ഗസ്സ: ആറുമാസമായി ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ 14 ഇസ്രായേലി സൈനികരെ ശനിയാഴ്ച വകവരുത്തിയതായി ഹമാസ്. മൂന്ന് ടാങ്കുകൾ തകർത്തതായും നിരവധി ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായും ഹമാസ് അവകാശപ്പെട്ടു. എന്നാൽ, നാലു സൈനികരുടെ മരണം മാത്രമാണ് ഇസ്രായേൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ഐ.ഡി.എഫ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് പേർക്ക് മാരകമായി പരിക്കേറ്റതായും സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇസ്രായേലിന്റെ കണക്കുപ്രകാരം ആറുമാസത്തെ കരയുദ്ധത്തിൽ 604 സൈനികർ മരിച്ചു.
ഇസ്രായേൽ സേന തകർത്ത ഖാൻ യൂനിസിലെ കെട്ടിടത്തിൽനിന്ന് തുരങ്കത്തിലൂടെ പുറത്തുവന്ന തോക്കുധാരികളായ പോരാളികളാണ് ശനിയാഴ്ച സൈനികരെ വകവരുത്തിയത്. ഐ.ഡി.എഫിന്റെ ലോജിസ്റ്റിക് റൂട്ടിൽ പട്രോളിങ് നടത്തുന്ന ടീമിന് നേരെ ഹമാസ് വെടിയുതിർക്കുകയായിരുന്നു. ഓപറേഷന് ശേഷം തുരങ്കത്തിലേക്ക് രക്ഷപ്പെട്ട ഹമാസ് പോരാളികളെ ഇസ്രായേൽ സേന പിന്തുടർന്നെങ്കിലും ഹമാസിന്റെ ബൂബി ട്രാപ്പ് (സൈനിക കെണി) ശ്രദ്ധയിൽപെട്ടതോടെ പിൻമാറുകയായിരുന്നുവത്രെ.
പ്രദേശത്തുതന്നെ ഹമാസ് നടത്തിയ മറ്റൊരാക്രമണത്തിൽ ഇസ്രായേൽ സൈനികർ സഞ്ചരിച്ച ടാങ്ക് തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് സൈന്യം അറിയിച്ചു. സെൻട്രൽ ഗസ്സയിൽ മറ്റൊരു ടാങ്കിന് നേരെ നടന്ന ആക്രമണത്തിൽ 401-ാം ബ്രിഗേഡിന്റെ 46-ാം ബറ്റാലിയനിലെ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
അതിനിടെ ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കായി സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും എത്തിയിട്ടുണ്ട്. സമ്പൂർണ വെടിനിർത്തൽ വേണമെന്നും അധിനിവേശ സൈന്യം പൂർണമായും പിന്മാറണമെന്നും ഹമാസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഇസ്രായേലും അറിയിച്ചു. ഇതിനായി പ്രതിനിധി സംഘം കൈറോയിലേക്ക് പോകുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം സർക്കാർ ഉദ്യോഗസ്ഥൻ ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയോട് പറഞ്ഞു. മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയും ഷിൻ ബെത്തിന്റെ തലവനും വെടിനിർത്തൽ ചർച്ചയിൽ ഭാഗമാകുമെന്നാണ് സൂചന.
രോഗികളും ദുർബലരുമായ ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം ഹമാസ് നിരസിച്ചതാണ് കരാറിന് തടസ്സമെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ തിരിച്ചുവരാൻ അനുവദിക്കില്ലെന്ന ഇസ്രായേൽ നിലപാടാണ് കരാറിന് തടസ്സമെന്ന് ഖത്തർ പറഞ്ഞു.
അതേസമയം ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് തെൽഅവിവിലും ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലും വൻ റാലികൾ നടന്നു. പതിനായിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
യുദ്ധം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്ത ബിന്യമിൻ നെതന്യാഹു സർക്കാറിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുയർന്നു. ദേശസുരക്ഷ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെൻ ഗ്വിർ തീവ്രവാദിയാണെന്നും പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. തെൽഅവിവിൽ പ്രതിഷേധക്കാരും സുരക്ഷസേനയും ഏറ്റുമുട്ടി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഹെബ്രോൺ, ജറുസലേം, റമല്ല, ബെത്‌ലഹേം, ജെനിൻ എന്നിവിടങ്ങളിൽനിന്ന് 15 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. ഒരു കുട്ടിയും മുൻ തടവുകാരനും വിദ്യാർഥിയും പിടികൂടിയവരിൽ ഉൾപ്പെടും. ഇതോടെ ഒക്ടോബർ ഏഴിനുശേഷം അറസ്റ്റിലായവരുടെ എണ്ണം 8,100 ആയി. അൻ-നബി ഇല്യാസ് പട്ടണത്തിന് സമീപം നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റു.
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു. 14,000 ൽ അധികം കുട്ടികളും 9,220 സ്ത്രീകളുമാണ് ആറുമാസത്തിനിടെ കൊല്ലപ്പെട്ടത്.
ലബനാനിൽനിന്ന് ഗോലാനിലേക്ക് നാൽപതോളം റോക്കറ്റുകൾ തൊടുത്തുവിട്ടു. കഴിഞ്ഞദിവസം കിഴക്കൻ ലബനാനാനിലെ ബേകാ താഴ്വരയിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.