പ്രായപൂർത്തിയായാൽ മാതാപിതാക്കളെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ആരുമായും ലൈംഗിക ബന്ധമാകാം എന്ന നയത്തിൽ സുപ്രധാന മാറ്റം വരുത്താൻ ഒരുങ്ങി ഫ്രാൻസ്. 1791ന് ശേഷം ആദ്യമായി ഇൻസെസ്റ്റ് (മാതാവ്, പിതാവ്, സഹോദരങ്ങൾ തുടങ്ങി രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം) നിരോധിക്കാൻ ഫ്രഞ്ച് ഭരണകൂടം ഒടുവിൽ ഒരുങ്ങിയിരിക്കുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും പാത പിന്തുടർന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാൻസിന്റെ ചരിത്രപരമായ തീരുമാനം. നിലവിൽ 18 വയസ്സിന് മുകളിലുള്ള ആർക്കും ആരുമായും ഫ്രാൻസിൽ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടാം. ഇത് ഈ രാജ്യത്ത് സൃഷ്ടിച്ച അരാജകത്വം ചെറുതൊന്നുമായിരുന്നില്ല. അതിനാലാണ് സുപ്രധാന ചുവടുവെപ്പിന് അവർ തയ്യാറായിരിക്കുന്നത്.
'ഏതു പ്രായമായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല. ഇൻസെസ്റ്റിനെതിരെ പോരാടുകയാണ് ഞങ്ങൾ' - ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാൻ ടാക്വെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, സ്വവർഗ ലൈംഗികത തുടങ്ങിയവ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്ന് ഭരണകൂടം ഒഴിവാക്കിയത്. രാജ്യത്തെ പത്തിൽ ഒരാൾ ഇൻസെസ്റ്റിന്റെ ഇരകളാണെന്ന് ഈയിടെ രാജ്യത്തെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിൽ 78 ശതമാനം പേരും സ്ത്രീകളാണ്. എന്നാൽ പത്തു ശതമാനം പേർ മാത്രമാണ് പരാതി നൽകാറുള്ളത്. ഇതിൽ ഒരു ശതമാനം പേർക്കു മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ. ലോകത്ത് ഇരുപതോളം രാഷ്ട്രങ്ങളിലാണ് നിലവിൽ ഇൻസെസ്റ്റ് നിയമവിധേയമായിട്ടുള്ളത്.
ഇൻസെസ്റ്റ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെക്കാലമായി ഫ്രാൻസിൽ സജീവമാണ്. ഫ്രഞ്ച് രാഷ്ട്രീയ നേതാവായ ഒലിവർ ഡുഹാമെലിനെതിരെ ഈയിടെ വളർത്തുമകൻ ഉന്നയിച്ച ലൈംഗികാരോപണം ഒച്ചപ്പാടുകൾക്ക് വഴിവച്ചിരുന്നു. ആരോപണത്തെ തുടർന്ന് നാഷനൽ ഫൗണ്ടേഷൻ ഓഫ് പൊളിറ്റിക്കൽ സയൻസ് മേധാവി സ്ഥാനത്തു നിന്ന് ഒലിവറിന് പടിയിറങ്ങേണ്ടി വന്നിരുന്നു.
നിയമപരിരക്ഷയുടെ ചുവടുപിടിച്ച് രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പതിവാണ്. നിയമപരമായി മാത്രമല്ല, സാമൂഹികമായും ഈ ആചാരം ഇല്ലാതാകേണ്ടതുണ്ടെന്ന് ഫ്രഞ്ച് ചൈൽഡ് പ്രൊട്ടക്ഷൻ ചാരിറ്റി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.