അൽമാട്ടി: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം കസാഖ്സ്താനിൽ ശക്തിപ്രാപിക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന പ്രതിഷേധപ്രകടനത്തിൽ എട്ടോളം പൊലീസുകാരും നാഷണൽ ഗാർഡ് സേനാംഗങ്ങളും കൊല്ലപ്പെട്ടതായി റഷ്യന്‍ സർക്കാറിന് കീഴിലുള്ള സ്പുട്‌നിക് വാർത്താ ഏജൻസി അറിയിച്ചു.
പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങൾ കത്തിക്കുകയും അൽമാട്ടി അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സുരക്ഷാസേനയെ അയക്കുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. അൽമാട്ടി വിമാനത്താവളത്തിൽ പ്രതിഷേധക്കാരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി കസാഖ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ധനവില വർധനക്കെതിരെ ജനം തെരുവിലിറങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കസാഖ്സ്താന് പ്രധാനമന്ത്രി അസ്കർ മാമിന്‍റെ സര്‍ക്കാർ രാജിവെച്ചതായി പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ഖാസിം-ജോമാർത് തൊഖയോവിന്‍റെ മുന്‍ഗാമിയായ നൂർസുൽത്താൻ നസർബയേവിന്‍റെ രാഷ്ട്രീയഇടപെടലുകളാണ് എല്‍പിജിയുടെ ഇരട്ടി വിലയിലേക്ക് നയിച്ചതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
മധ്യേഷ്യയിലെ ഭൂരിഭാഗം സമ്പദ്‌വ്യവസ്ഥയും നിയന്ത്രിക്കുന്നത് നസർബയേവിന്‍റെ കുടുംബമാണെന്നാണ് പറയപ്പെടുന്നത്. കസാഖ്സ്താനിൽ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ നസർബയേവ് ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല. ഈ ദുരൂഹ സാഹചര്യത്തിൽ സോവിയറ്റ് യൂണിയന്‍റെ മറ്റ് രാജ്യങ്ങളിൽ നടപ്പാക്കിയതു പോലെ രാജ്യത്ത് ഉദാരവൽക്കരണം കൊണ്ടുവരണമെന്നാണ് യുവപ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. പൊതുജനങ്ങളുടെ രോഷം കണക്കിലെടുത്ത് ബുധനാഴ്ച സുരക്ഷാ കൗൺസിലിന്‍റെ തലവന്‍ സ്ഥാനത്ത് നിന്ന് നസർബയേവിനെ പുറത്താക്കുകയും ആ സ്ഥാനം തൊഖയേവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
റഷ്യ, അർമേനിയ, ബലാറസ്, കസാഖ്സ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ എന്നീ രാജ്യങ്ങളുടെ സൈനിക സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനോട് (CSTO) സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങൾ അഭ്യർത്ഥിച്ചതായി വ്യാഴാഴ്ച പുലർച്ചെ പ്രക്ഷേപണം ചെയ്ത ടെലിവിഷൻ പ്രസംഗത്തിൽ തൊഖയേവ് പറഞ്ഞു. വിദേശ പരിശീലനം ലഭിച്ച "ഭീകര" സംഘങ്ങൾ കസാഖ്സ്താനിലെ കെട്ടിടങ്ങളും ആയുധങ്ങളും പിടിച്ചെടുക്കുകയാണെന്നും അൽമാട്ടി വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങൾ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ വിക്ഷേപണങ്ങൾക്കായി റഷ്യ ഉപയോഗിക്കുന്ന കസാഖ്സ്താനിലെ ബൈകോണൂർ കോസ്‌മോഡ്രോമിലെ പ്രധാന ഇൻസ്റ്റാളേഷനുകൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിൻ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിഷേധക്കാർ നസർബയേവിന്‍റെ കുറ്റന്‍ പ്രതിമ നശിപ്പിക്കുകയും കസാഖ്സ്താന്റെ ഓരോ തെരുവുകളിലും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.
ഇന്ധന വിലക്കയറ്റം എത്രയും പെട്ടെന്ന് പിൻവലിക്കാൻ ആക്ടിംഗ് മന്ത്രിമാരോട് തൊഖയേവ് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ ഇതിന് മുമ്പും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുള്ളതിനാല്‍ തെരുവുകളില്‍ നിന്ന് പിന്മാറാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല. മാസങ്ങളായി അധികാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഈ ഉത്തരവെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.നിലവിൽ അൽമാട്ടിയിലും എണ്ണ സമ്പന്നമായ മംഗിസ്തോവ് മേഖലയിലും ജനുവരി 19 വരെ പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ് ബുക്ക്,ട്വിറ്റർ, ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.