ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന ഇസ്രായേൽ നടപടി ഹമാസ് ആക്രമണത്തെ വെച്ച് ന്യായീകരിക്കാനാവില്ല -യു.എൻ മേധാവി

കൈറോ: ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന ഇസ്രായേലിന്‍റെ നടപടി ഹമാസ് നടത്തിയ അപലപനീയമായ ആക്രമണത്തെ വെച്ച് ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. സാധാരണ ജനങ്ങളുടെ ജീവനും കെട്ടിടങ്ങൾക്കും ബോംബാക്രമണത്തിൽ നിന്ന് സംരക്ഷണം വേണമെന്നും ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിലെ കൈറോയിൽ അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ ചേർന്ന സമാധാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹമാസ് നടത്തിയ അപലപനീയമായ ആക്രമണത്തെ വെച്ച് ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന ഇസ്രായേലിന്‍റെ നടപടിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. സിവിലിയന്മാർക്കും അവരുടെ കെട്ടിടങ്ങൾക്കും സ്കൂളുകൾ, ആശുപത്രികൾ, യു.എൻ സ്ഥാപനങ്ങൾ തുടങ്ങിയവക്കും ബോംബാക്രമണത്തിൽ നിന്ന് സംരക്ഷണം വേണം. വിശാലമായ അർഥത്തിൽ, സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഒരേയൊരു പോംവഴി. സുരക്ഷിതത്വത്തിനുള്ള ഇസ്രായേലിന്‍റെ ആവശ്യവും സ്വതന്ത്ര രാജ്യം യാഥാർഥ്യമാകണമെന്ന ഫലസ്തീൻ ജനതയുടെ ആഗ്രവും യാഥാർഥ്യമാകണം' -ഗുട്ടെറസ് പറഞ്ഞു.

ഗസ്സയിൽ മാനുഷിക സഹായമെത്തിക്കാൻ ഐക്യരാഷ്ട്ര സഭ നിരന്തരം പരിശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൻ തോതിലുള്ള സഹായം നിലവിൽ ഗസ്സയിൽ ആവശ്യമാണ്. സഹായവസ്തുക്കൾ നിറച്ച ട്രക്കുകൾ ഒരു വശത്ത് കാത്തുകെട്ടി കഴിയുമ്പോൾ മറുവശത്ത് ജനങ്ങൾ ഒഴിഞ്ഞ വയറുമായാണ് കഴിയുന്നത് -ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

ഗസ്സയിലേക്ക് സഹായമെത്തിക്കാൻ റഫ അതിർത്തി തുറന്നെങ്കിലും 20 ട്രക്കുകൾക്ക് മാത്രമാണ് അതിർത്തി കടക്കാനായത്. ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിൽ നരകയാതന അനുഭവിക്കുന്ന 23 ലക്ഷത്തോളം ജനങ്ങൾക്ക് സഹായമേകാൻ തീർത്തും അപര്യാപ്തമാണ് ഇപ്പോഴത്തെ നടപടി. അന്താരാഷ്ട്ര സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സ-ഈജിപ്ത് അതിർത്തിയായ റഫയിൽ കാത്തുകെട്ടിക്കിടക്കുന്നുണ്ടെങ്കിലും, ഇവയ്ക്ക് ഗസ്സയിൽ പ്രവേശിക്കാനുള്ള അനുമതി ഇസ്രായേൽ നൽകിയിട്ടില്ല. 

Tags:    
News Summary - Full trucks on one side, empty stomachs on the other UN chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.