ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങൾക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ. റഷ്യയുടെ പേര് പരാമർശിക്കാതെയുള്ള സംയുക്ത പ്രസ്താവനയാണ് യുക്രെയ്നെ ചൊടിപ്പിച്ചത്. യുക്രെയ്ൻ വിദേശകാര്യമന്ത്രാലയമാണ് വിമർശനവുമായി രംഗത്തെത്തിയത്.
യുക്രെയ്നെ കൂടി ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഒലേഗ് നികോലേൻകോ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ നേരിട്ട് വിമർശിക്കാതെയാണ് ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. യുക്രെയ്നിൽ യു.എൻ ചാർട്ടർ പ്രകാരം സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന 37 പേജ് പ്രസ്താവനക്ക് ഇന്ത്യ മുൻകൈയെടുത്താണ് അന്തിമരൂപം നൽകിയത്.
റഷ്യയെ ശക്തമായി അപലപിക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭിപ്രായം മുൻനിർത്തി ഭിന്നവീക്ഷണങ്ങൾ ഉയർന്നുവന്നെങ്കിലും സമവായത്തിലെത്തിച്ച് സംയുക്ത പ്രസ്താവനക്ക് രൂപംനൽകാനായത് ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല. ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യ-ഊർജ സുരക്ഷയെ ബാധിക്കുമെന്നതിനാൽ സൈനികനീക്കം പാടില്ല. കോവിഡിനുശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ അധിനിവേശം ഇടയാക്കിയെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
‘‘യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ സമാധാനത്തെ പിന്തുണക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ എല്ലാ നിർദേശങ്ങളെയും സ്വാഗതം ചെയ്യുന്നു. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്. രാജ്യങ്ങളുടെ പരമാധികാരവും സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമതത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്നു. യുക്രെയ്ൻ വിഷയത്തിൽ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ ഉദ്ദേശ്യങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്ന് അടിവരയിടുന്നു’’ - പ്രമേയം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.