ടോക്യോ: ഗസ്സയിലെ മഹാദുരിതത്തിൽ കുരുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ സഹായിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യവസായ ശക്തികളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി. ജനങ്ങൾക്ക് സഹായമെത്തിക്കാനും ആളുകൾക്ക് നാടുവിടാനും മാനുഷിക ഇടവേള ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന് കൂട്ടായ പിന്തുണയും പ്രഖ്യാപിച്ചു. ജപ്പാൻ തലസ്ഥാനത്ത് രണ്ടു ദിവസം നീണ്ട ഉച്ചകോടിക്കൊടുവിലാണ് മാനുഷിക ഇടവേളക്ക് ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന ആവശ്യമുന്നയിച്ചത്.
‘‘എല്ലാ കക്ഷികളും സിവിലിയന്മാർക്ക് ഭക്ഷണം, ജലം, വൈദ്യസഹായം, ഇന്ധനം, അഭയം തുടങ്ങിയ തടസ്സമില്ലാത്ത മാനുഷിക സഹായം ലഭ്യമാക്കണം’’- യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രസ്താവന ആവശ്യപ്പെടുന്നു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഇറ്റലി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുത്ത മറ്റുള്ളവർ.
വടക്കൻ മേഖലയിൽ ഭക്ഷണവും കുടിവെള്ളവും തീർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ കിട്ടിയവ പെറുക്കി തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹമാസിന്റെ പ്രവർത്തനകേന്ദ്രവും ടണലുകളിലേറെയുമുള്ള ഗസ്സ സിറ്റിയിൽ തങ്ങൾ പോരാട്ടം കടുപ്പിച്ചതായി ഇസ്രായേൽ സേനയും പറയുന്നു. ഇതിനിടയിലാണ് ജി7 ഉച്ചകോടി പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.