ഗസ്സ സിറ്റി: ഓടിയെത്താവുന്നതിലുമധികം ദുരന്തമുഖങ്ങൾ കൺമുന്നിൽ വന്നതോടെ ഗസ്സക്കാർക്ക് ഹൃദയവേദനയോടെ ഒരു തീരുമാനമെടുക്കേണ്ടിവന്നു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ മരിച്ചുകിടക്കുന്നവരെ പുറത്തെടുക്കാൻ നിൽക്കാതെ, പരിക്കേറ്റുകിടക്കുന്നവരെ കണ്ടെത്തി രക്ഷപ്പെടുത്തുകയെന്നതാണത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി മൃതദേഹങ്ങൾ പുറത്തെടുക്കാൻ കാര്യമായ യന്ത്രമോ ഉപകരണമോ ഇല്ലാത്തതിനാലാണ് ഗസ്സ സിവിൽ ഡിഫൻസ് പ്രവർത്തകർ ഈ കടുപ്പമേറിയ തീരുമാനമെടുത്തത്.
നൂറുകണക്കിന് ഫലസ്തീനികളാണ് നിലംപൊത്തിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്നത്. വളരെ കുറച്ച് ഉപകരണങ്ങളും അത് പ്രവർത്തിപ്പിക്കാനറിയുന്നവരും മാത്രമേ ഉള്ളൂ എന്നതിനാൽ ജീവനുള്ളവരെ രക്ഷപ്പെടുത്തലാണ് മുൻഗണനയെന്ന് ഗസ്സ സിവിൽ ഡിഫൻസ് പറയുന്നു. ‘‘ദുരന്തമുഖത്ത് എത്തിയാൽ കുടുങ്ങിക്കിടക്കുന്നവരിൽ ജീവനുള്ളവരുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. ശേഷം അവരെ പുറത്തെടുക്കും വരെ കുഴിക്കും.
ഇതിനിടയിൽ അവർ മരിച്ചെന്നു കണ്ടാൽ ആ ജോലി പാതിയിൽ നിർത്തി അടുത്ത ദുരന്തസ്ഥലത്തേക്ക് നീങ്ങും’’ -ഖലീൽ സെയ്ഫാൻ എന്ന സിവിൽ ഡിഫൻസ് പ്രവർത്തകൻ പറഞ്ഞു. ഒരേസമയം വ്യത്യസ്ത കേന്ദ്രങ്ങളിൽ ആക്രമണം നടക്കുന്നതിനാൽ ഇതല്ലാതെ വേറെ വഴിയില്ലെന്നും 10 മിനിറ്റിന്റെ വ്യത്യാസത്തിൽ പത്തിലേറെ കേന്ദ്രങ്ങളിൽ ബോംബു വീഴുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.