ഗസ്സ: നൂറിലേറെ ഇസ്രായേൽ വിമാനങ്ങൾ ഒരുമിച്ച് ബോംബാക്രമണം നടത്തിയ ഗസ്സയിൽനിന്ന് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങൾ ഒന്നും ലഭ്യമാകുന്നില്ലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. കനത്ത ആക്രമണത്തിൽ പരിക്കേറ്റവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനോ ജീവൻ രക്ഷിക്കാൻ ആശുപത്രികളിൽ എത്താനോ കഴിയുന്നിലെലന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ മുതിർന്ന സാങ്കേതിക-മനുഷ്യാവകാശ ഗവേഷക ഡെബോറ ബ്രൗൺ പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രി ഗസ്സയിലെ അൽ ശിഫ ആശുപത്രി, ഇന്തോനേഷ്യൻ ആശുപത്രി പരിസരങ്ങളിൽ പോലും കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. നൂറുകണക്കിന് ആളുകൾ ഇവിടെ മാത്രം മരിച്ചതായാണ് റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. കരയിലുടേയും കടലിലൂടെയും ആകാശത്തിലൂടെയും ആക്രമണം തുടരുകയാണ്.
വൻതോതിലുള്ള ആക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും മറയൊരുക്കാനാണ് ആശയവിനിമയ സംവിധാനങ്ങൾ തകർത്തതെന്ന് ഡെബോറ ബ്രൗൺ പറഞ്ഞു. ഗസ്സയിൽ സാധാരണക്കാർക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയുംനിർണായക വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നത് വൻ ബുദ്ധിമുട്ടാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.