'അച്ഛനെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍'; ജോര്‍ജ് ഫ്‌ളോയിഡിന്റെ മകളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ലോകം

വാഷിങ്ടണ്‍ ഡി.സി: ജോര്‍ജ് ഫ്‌ളോയിഡ് എന്ന പേര് അടുത്ത കാലത്തൊന്നും ലോകത്തിന് മറക്കാനാവില്ല. യു.എസില്‍ കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണവെറിയുടെയും പൊലീസ് അതിക്രമത്തിന്റെയും രക്തസാക്ഷിയായി ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മ നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷം മേയിലാണ് യു.എസിലെ മിനിയപൊളിസില്‍ ഡെറിക് ഷോവിന്‍ എന്ന പൊലീസ് ഓഫിസര്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്. 22.5 വര്‍ഷത്തെ തടവാണ് കേസിലെ മുഖ്യപ്രതിയായ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന് കോടതി വിധിച്ചത്. ഷോവിന്റെ ശിക്ഷാവിധിക്കിടെ, ജോര്‍ജ് ഫ്‌ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകള്‍ കോടതിയില്‍ നല്‍കിയ വിഡിയോ സന്ദേശം ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്.

ഇരകള്‍ നേരിട്ട മാനസികാഘാതം കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകള്‍ ജിയാന്ന ഫ്‌ളോയിഡ് സംസാരിച്ചത്. 'അച്ഛനെ ഞാന്‍ എന്നും മിസ് ചെയ്യുന്നു. അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അത്രയേറെ സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. അച്ഛനെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍. അച്ഛനോടൊപ്പം കളിക്കാനും നടക്കാന്‍ പോവാനും കഴിഞ്ഞെങ്കില്‍' -ഏഴുവയസുകാരിയുടെ വാക്കുകളില്‍ ദു:ഖം നിറയുന്നു.

എങ്ങനെയാണ് എന്റെ അച്ഛന് പരിക്കേറ്റതെന്നും ഏഴുവയസുകാരി ജിയാന ചോദിക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും പല്ലു തേക്കാന്‍ സഹായിക്കുന്നതിനെ കുറിച്ചും ജിയാന്ന പറയുന്നു. അച്ഛന്റെ ആത്മാവ് തന്നോടൊപ്പമുണ്ട്. ഒരിക്കല്‍ കൂടി അച്ഛനെ കാണാന്‍ ആഗ്രഹമുണ്ട് -രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ജിയാന്ന പറയുന്നു.

2020 മെയ് മാസത്തില്‍ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ചാണ് കറുത്ത വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്.

ഫ്‌ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്‌ലോയ്ഡ് സംഭവം കാരണമായിരുന്നു.

Tags:    
News Summary - George Floyd's daughter Gianna Floyd says 'miss you' in moving video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.