ബർലിൻ: തീവ്ര വലതുപക്ഷത്തിന് പിന്തുണയേറുന്നതിൽ ആശങ്കയോടെ ജർമനിയിലെ മുഖ്യധാരാ പാർട്ടികൾ. ഏറ്റവും ഒടുവിലത്തെ അഭിപ്രായ വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ (എ.എഫ്.ഡി) പിന്തുണ റെക്കോഡ് ഉയരത്തിലെത്തിയതാണ് പാർട്ടികളെ പരിഭ്രാന്തരാക്കിയത്.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഡ്യൂഷ്ലാൻഡ് ട്രെൻഡ് സർവേയിൽ ആൾട്ടർനേറ്റിവ് ഫോർ ജർമനിക്ക് 18 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്കൊപ്പമാണ് പാർട്ടിയുടെ പിന്തുണ. 2021ലെ തെരഞ്ഞെടുപ്പിൽ ഡോൾസിന്റെ പാർട്ടിക്ക് 25.7 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു. എ.എഫ്.ഡിക്ക് 10.3 ശതമാനം വോട്ടാണ് അന്ന് ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റ്സ് മുതിർന്ന നേതാവ് നോർബെർട്ട് റോട്ട്ജെൻ പറഞ്ഞു. മേയ് 30,31 തീയതികളിൽ 1302 വോട്ടർമാരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്ക് 29 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള അസംതൃപ്തി മുതലാക്കാൻ തന്റെ പാർട്ടിക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് റോട്ട്ജെൻ പറഞ്ഞു. എ.എഫ്.ഡിയുടെ ശക്തമായ പിന്തുണ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ സെറാപ് ഗൂലെർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.