കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആസന്നമാണെന്ന റിപ്പോർട്ടുകൾക്കിടെ സൈനിക നടപടി ഒഴിവാക്കാൻ അവസാനവട്ട ശ്രമവുമായി ജർമനി. ജർമൻ ചാൻസലർ ഒലഫ് ഷോൾസ് തിങ്കളാഴ്ച വൈകീട്ട് യുക്രെയ്ൻ തലസ്ഥാനമായ കിയവിലെത്തി.
പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി അദ്ദേഹം ചർച്ച നടത്തി. ഇവിടെനിന്ന് മോസ്കോയിലേക്കു പോകുന്ന ഷോൾസ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. പുടിനെ ഏതുവിധേനയും അനുനയിപ്പിക്കാനുള്ള അവസാന ശ്രമമായാണ് ജർമൻ ചാൻസലറുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.
അതിനിടെ, നയതന്ത്ര നീക്കങ്ങൾക്ക് അവസരം നൽകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രസിഡന്റ് പുടിനോട് അഭ്യർഥിച്ചു. അമേരിക്കയുമായും നാറ്റോ സഖ്യരാഷ്ട്രങ്ങളുമായുമുള്ള ചർച്ചകളുടെ പാത തുറന്നിടണമെന്നാണ് ലാവ്റോവ് പറഞ്ഞത്.
ആശങ്ക കനക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ തലസ്ഥാനത്തേക്കുള്ള സർവിസുകൾ ചില വിമാനക്കമ്പനികൾ നിർത്തിവെച്ചു. രാജ്യം വിടാൻ യു.എസും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിരിക്കുകയാണ്.
അതിനിടെ, നാറ്റോയിൽ ചേരാനുള്ള പദ്ധതി യുക്രെയ്ൻ ഉപേക്ഷിക്കുകയാണെങ്കിൽ റഷ്യയുടെ ആശങ്കകൾക്ക് വലിയൊരളവ് അത് പരിഹാരമാകുമെന്ന ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം ശ്രദ്ധേയമായി. യുദ്ധം ഒഴിവാക്കാൻ നാറ്റോ പ്രവേശന നീക്കം പുനഃപരിശോധിക്കാൻ തയാറാണെന്ന് യുക്രെയ്നിന്റെ ബ്രിട്ടീഷ് അംബാസഡർ വാദിം പ്രിസ്റ്റൈകോ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. റഷ്യയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മോസ്കോ പ്രതികരിച്ചില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.