ബർലിൻ: 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി ജർമനി. പ്രായപൂർത്തിയായവർക്ക് കർശന നിയന്ത്രണങ്ങളോടെ കഞ്ചാവ് വിൽക്കാനും സർക്കാർ അനുമതി നൽകി. നിയന്ത്രിതമായ വിപണിയിലായിരിക്കും കഞ്ചാവിന്റെ വിൽപന അനുവദിക്കുക.
യുറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചാൽ നിയമം നിലവിൽ വരുമെന്ന് ജർമനി അറിയിച്ചു. യുറോപ്പിനുള്ള മാതൃകയായിരിക്കും പുതിയ നിയമങ്ങളെന്ന് ജർമൻ ആരോഗ്യമന്ത്രി കാൾ ലാറ്റർബാച്ച് പ്രതികരിച്ചു. 2024ലായിരിക്കും പുതിയ നിയമം നിലവിൽ വരിക.
നിയമപ്രകാരമുള്ള തോട്ടങ്ങളിൽ വിളയുന്ന കഞ്ചാവ് സർക്കാർ അംഗീകൃത ഔട്ട്ലെറ്റുകളിലൂടെയായിരിക്കും വിതരണം ചെയ്യുക. 30 ഗ്രാം കഞ്ചാവ് വരെ ഒരാൾക്ക് വാങ്ങാം. കഞ്ചാവ് കൈവശം വെക്കുന്നത് ഏറ്റവും ലിബറൽ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നായിരിക്കും ജർമനിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കഞ്ചാവ് വിപണിയെ നിയന്ത്രിക്കാൻ കർശന ചട്ടങ്ങളുണ്ടാവും. നിലവിൽ ജർമനിയിലെ ജനസംഖ്യയിൽ ഏകദേശം 40 ലക്ഷത്തോളം ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും 18 മുതൽ 24 വയസ് വരെ പ്രായമുള്ളവരാണ്.
കഞ്ചാവ് വിൽക്കുന്ന കടകളിൽ മദ്യമോ പുകയില വസ്തുക്കളോ വിൽക്കാൻ പാടില്ല. സ്കൂളുകൾക്ക് സമീപം ഇത്തരം കടകൾ പ്രവർത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. നിയമം നിലവിൽ വന്നാൽ കഞ്ചാവിന് വൻ വിലയീടാക്കാൻ സാധിക്കില്ലെന്നും ജർമൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.