ന്യൂഡൽഹി: യു.എസ് ആസ്ഥാനമായ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ നടത്തിയ തട്ടിപ്പ് ആരോപണങ്ങൾ തള്ളി ആസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബട്ട് രംഗത്ത്. അതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. റെഗുലേറ്റർമാർ ഇക്കാര്യം പരിശോധിക്കുമെന്നും തന്നെ സംബന്ധിച്ചിടത്തോളം ആസ്‌ട്രേലിയയോട് അദാനി ഗ്രൂപ്പ് കാണിച്ച വിശ്വാസത്തിന് താൻ നന്ദിയുള്ളവനാണെന്നും ഇന്ത്യൻ വ്യവസായ പ്രമുഖൻ തന്റെ രാജ്യത്ത് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാകില്ല. പൊതുനിയമത്തിന്റെ തത്വങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് വെച്ച് കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ്. അതുകൊണ്ട് തന്നെ നിയന്ത്രണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കുന്നത് വരെ അദാനി നിരപരാധിയായിരിക്കും. " -ആബട്ട് പറഞ്ഞു.
ബില്യണുകളുടെ നിക്ഷേപങ്ങളിലൂടെ ആസ്‌ട്രേലിയയിൽ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിച്ചതിന് അദാനി ഗ്രൂപ്പിനെ മുൻ ഓസീസ് പ്രധാനമന്ത്രി പ്രശംസിച്ചു. കൂടാതെ നികുതിയൊന്നും നൽകാതെ അദാനി ഇറക്കുമതി ചെയ്ത ആസ്‌ട്രേലിയൻ കൽക്കരി ഉപയോഗിച്ച് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് എല്ലാ ദിവസവും വൈദ്യുതി ഉറപ്പാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളെയും ആബട്ട് പ്രശംസിച്ചു.
അദാനിയുടെ കാർമൈക്കൽ കൽക്കരി ഖനി ആഗോളതാപനത്തിനും ഗ്രേറ്റ് ബാരിയർ റീഫിന് കേടുപാടുകൾ വരുത്തുന്നതിനും വലിയ കാരണമാകുന്നതിനെ തുടർന്ന് വർഷങ്ങളായി പ്രതിഷേധം നേരിടുന്നുണ്ട്. അതേസമയം, ഹിൻഡൻബർഗിന്റെ ആരോപണങ്ങളെത്തുടർന്ന്, വിഷയം പരിശോധിക്കാൻ വിഷയ വിദഗ്ധർ ഉൾപ്പെടുന്ന ആറംഗ സമിതിയെ സുപ്രീം കോടതി രൂപീകരിച്ചിട്ടുണ്ട്.
ടോണി ആബട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ശനിയാഴ്ച ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് ബിജെപിയെ അറിയുക കാമ്പെയ്‌നിന് കീഴിൽ കാണുകയും സംവദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.