ലണ്ടൻ: ലോകത്തെ ഏറ്റവും ഉത്തരദേശത്തു സ്ഥിതി ചെയ്യുന്ന ദ്വീപ് കണ്ടെത്തിയ ആവേശത്തിൽ ശാസ്ത്രജ്ഞർ. മഞ്ഞുരുക്കം അതിവേഗത്തിലായ ഗ്രീൻലൻഡ് പരിസരങ്ങളിലാണ് പുതുതായി ദ്വീപ് മനുഷ്യ ദൃഷ്ടിയിൽ പതിയുന്നത്. 1978ൽ ഡാനിഷ് സംഘം കണ്ടെത്തിയ ഊദാഖ് ദ്വീപിലെത്തിയെന്നായിരുന്നു പര്യവേക്ഷണ സംഘം ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഇതിൽനിന്ന് 780 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുതിയ ദ്വീപാണെന്ന് തെളിഞ്ഞു.
കടൽ നിരപ്പിൽനിന്ന് പരമാവധി മൂന്നു മീറ്റർ വരെ ഉയരത്തിൽ 30 മീറ്റർ വീതിയിലാണ് ഇത്തിരിക്കുഞ്ഞൻ ദ്വീപുള്ളത്. മഞ്ഞുപാളികൾ നീങ്ങിയപ്പോൾ ബാക്കിയായ കല്ലും മണ്ണും ചേർന്ന മിശ്രിതമാണ് ഇതിന്‍റെ ഉപരിതലം. 'ഏറ്റവും ഉത്തരദേശത്തെ ദ്വീപ്' എന്നർഥമുള്ള 'ക്വകർടാഖ് അവനർലെഖ്' എന്ന് പേരിടാൻ ശിപാർശ ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
അടുത്തിടെയായി സമീപ പ്രദേശങ്ങളിലെത്തിയ നിരവധി സംഘങ്ങൾ ഏറ്റവും ഉത്തരദേശത്തെ ദ്വീപ് കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. 2007ൽ ആർടിക് പര്യേവക്ഷകൻ ഡെന്നിസ് ഷ്മിഡ്റ്റ് സമീപത്തായി ഒരു ദ്വീപ് കണ്ടെത്തി.
ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത് ആഗോള താപനത്തെ കുറിച്ച ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഏറ്റവും കട്ടിയേറിയ ധ്രുവമഞ്ഞുള്ള പ്രദേശങ്ങളാണിത്. നാലു മീറ്റർ വരെ കട്ടിയിലായിരുന്നത് അടുത്തിടെ 2-3 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്.
ആർടിക് കടലിലെ അവകാശങ്ങളെ ചൊല്ലി അമേരിക്ക, റഷ്യ, ഡെൻമാർക്, കാനഡ, നോർവേ തുടങ്ങിയ രാഷ്ട്രങ്ങൾ തമ്മിൽ കടുത്ത ശങ്കകൾ നിലനിൽക്കെയാണ് പുതിയ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.