ന്യൂയോർക്ക്: യു.എസ് നഗരമായ ന്യൂയോർക്കിൽ 18കാരന്റെ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. മൂന്നുപേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവെപ്പുണ്ടായത്. ആക്രമണത്തിനു പിന്നിൽ വർണവെറിയാണെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതി കാമറയിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു.
വെടിവെപ്പിനു പിറകെ ഹെൽമറ്റ് ധരിച്ച തോക്കുധാരിയെ അറസ്റ്റ് ചെയ്തതായി ബഫലോ പൊലീസ് കമീഷണർ ജോസഫ് ഗ്രാമഗ്ലിയ മാധ്യമങ്ങളോട് പറഞ്ഞു. സൂപ്പർമാർക്കറ്റിലെ പാർക്കിങ് കേന്ദ്രത്തിൽനിന്നിരുന്ന നാലുപേർക്ക് നേരെയാണ് സൈനിക വേഷത്തിലെത്തിയ ആക്രമി ആദ്യം വെടിയുതിർത്തത്. ഇതിൽ മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിറകെ അകത്തു കയറി തുടർച്ചയായി വെടിവെച്ചു. സുരക്ഷ ജീവനക്കാരനായ മുൻ പൊലീസ് ഓഫിസറും മരിച്ചവരിൽ ഉൾപ്പെടും.
പൊലീസെത്തുമ്പോൾ ആക്രമി തോക്ക് സ്വന്തം കഴുത്തിൽവെച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. പിറകെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ യു.എസ് നഗരമായ ഷികാഗോയിലെ മില്ലേനിയം പാർക്കിൽ 16കാരനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.