ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ മി​നാ​യി​ൽ നിന്ന് അ​റ​ഫ​യി​ലേ​ക്ക് പുറപ്പെടാനുള്ള ഒരുക്കത്തിൽ

ഹജ്ജ് കർമങ്ങൾക്ക് തുടക്കം, അറഫ സംഗമം ഇന്ന്

മക്ക: അഷ്ടദിക്കുകളിൽനിന്ന് ശുഭ്രവസ്ത്രധാരികളായി എത്തിയ തീർഥാടകർ അറഫയുടെ വിശാല മൈതാനിയിൽ ആത്മീയതേട്ടങ്ങളുമായി വെള്ളിയാഴ്ച സമ്മേളിക്കും. അറഫയിലെ നമിറ പള്ളിയിൽ ഉച്ചക്ക് പ്രവാചകന്റെ ചരിത്രപരമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന പ്രസംഗത്തോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുക.

വിദേശത്തുനിന്നെത്തിയ എട്ടര ലക്ഷവും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന സ്വദേശികളും വിദേശികളുമായ ഒന്നര ലക്ഷവും ചേർന്ന 10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജിന്റെ ഭാഗമാകുന്നത്. മിനയിലെ തമ്പുകളിലും അബ്റാജ് മിന റസിഡൻഷ്യൽ ടവറുകളിലും തങ്ങിയ തീർഥാടകർ വ്യാഴാഴ്ച രാത്രി മുതൽതന്നെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.

മധ്യാഹ്നം മുതൽ സൂര്യാസ്തമനം വരെയാണ് അറഫ സംഗമം. സൗദിയിലെ മുതിർന്ന പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുക. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. ശേഷം വൈകീട്ട് വരെ പാപമോചന പ്രാർഥനകളും ദൈവസ്തുതികളുമായി തീർഥാടകർ അറഫ മൈതാനിയിൽ നിൽക്കും.

അറഫയിലേക്കുള്ള എല്ലാ വഴികളും തീർഥാടക സംഘങ്ങളെക്കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ഹജ്ജിനെത്തി വിവിധ രോഗങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട തീർഥാടകരെ, വെള്ളിയാഴ്ച ഉച്ചയോടെ ആംബുലൻസുകളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരെ എയർ ആംബുലൻസുകളിലും അറഫയിൽ എത്തിക്കും.

സൂര്യാസ്തമയം കഴിഞ്ഞാൽ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേൽക്കൂരയാക്കി ഇവിടെ രാപ്പാർക്കും. ശനിയാഴ്ച പുലർച്ച ജംറയിൽ കല്ലെറിയാനായി പോകും. ശേഷം മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.

ഇന്ത്യയിൽനിന്ന് 79,213 ഹാജിമാരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. മിനായിലും അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിനായിൽ മക്തബ് നമ്പർ 13ലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസ് ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് ഇന്ത്യൻ തീർഥാടകർ അറഫയിലേക്ക് പുറപ്പെട്ടത്. ഇത്തവണ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മുഴുവൻ തീർഥാടകർക്കും മശാഇർ മെട്രോ ട്രെയിൻ സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനിറ്റുകൊണ്ട് മിനായിൽ നിന്നും അറഫയിൽ എത്താനാവും. 

Tags:    
News Summary - Hajj started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.