ഹാലോവീൻ: നാലു മീറ്റർ വീതിയുള്ള വഴിയിൽ ഒരു ലക്ഷം പേർ; ആളുകൾ മരിച്ചു വീഴുമ്പോഴും നൃത്തം തുടർന്നു

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരണം 151ആയി. മരിച്ചവരിൽ ഏറെയും 20 കളിലുള്ള യുവാക്കളാണ്. കോവിഡിനു ശേഷം നടന്ന ആദ്യ ഹാലോവീൻ ആഘോഷമായിരുന്നു ഇത്. അതേസമയം, ആഘോഷത്തിനിടയിൽ മയക്കുമരുന്നുകൾ ഉപയോഗിച്ചിരിക്കാമെന്ന ആരോപണം അധികൃതർ തള്ളി.

അപകടം നടന്നതെങ്ങനെ?

ദക്ഷിണകൊറിയയിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപമാണ് എല്ലാവർഷവും ഹാലോവീൻ ആഘോഷം നടക്കാറ്. ഹോട്ടലിനു സമീപത്തെ പ്രധാന ആഘോഷവേദിയായ ഇറ്റാവോണിലേക്കുള്ള നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ തിങ്ങി നിറഞ്ഞത്. ഹോട്ടലിൽ നിന്നും നിരവധി പേർ ആഘോഷത്തിൽ ഒത്തുചേർന്നു. രാത്രി 10.22 ഓടു കൂടിയാണ് ആദ്യം അപകടം റിപ്പോർട്ട് ചെയ്തത്. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു സെലിബ്രിറ്റി എത്തിയന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം ഒന്നാകെ ഇളകി മറിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെലിബ്രിലറ്റിയെ കാണാനുള്ള തിരക്ക് വർധിച്ചതോടെ ആളുകൾ പിറകിൽ നിന്ന് തള്ളാൻ തുടങ്ങി. തള്ളൽ തുടർന്നപ്പോൾ ഒരോരുത്തരായി മേൽക്കുമേൽ വീഴുകയായിരുന്നു. പലർക്കും ശ്വാസം മുട്ടലും ഹൃദയാഘാതവുമുണ്ടായി. നിരവധി പേർക്ക് ചവിട്ടേറ്റു. വൻ ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസിനു പോലും സംഭവ സ്ഥലത്ത് എത്താനായില്ല.

പൊലീസ് വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് പ്രദേശത്തുനിന്ന് മാറി നിൽക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. ആംബുലൻസിന് വഴിയൊരുക്കണമെന്നും ആവർത്തിച്ചു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആളുകൾ പാട്ടും ഡാൻസും തുടരുകയും ആംബുലൻസുകളുടെ വഴി മുടക്കി രക്ഷാ പ്രവർത്തനം ​വൈകിപ്പിക്കുകയുമായിരുന്നു. ആബുലൻസുകൾക്ക് എത്താൻ സാധിക്കാതിരുന്നതോടെ അപകടത്തിൽ പെട്ടവർക്ക് സി.പി.ആർ ഉൾപ്പെടെ പ്രാഥമിക ചികിത്സ നൽകി കാത്തിരിക്കുകയായിരുന്നു പൊലീസുൾപ്പെടെയുള്ള അധികൃതർ.

150 ലധികം അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി. 400ലധികം പ്രവർത്തകരാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെ​ട്ടത്. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.