ഹമാസ് ഭീകരസംഘടന, അവരുടെ കൈകളിൽ അമേരിക്കക്കാരുടെ രക്തവും പുരണ്ടിരിക്കുന്നു -കമല ഹാരിസ്

വാഷിങ്ടൺ ഡി.സി: ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്‍റും, വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ്. ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ പൗരൻ ഹെർഷ് ഗോൾഡ്ബെർഗ് പോളിന്‍റെ മൃതദേഹം റഫായിലെ ടണലിൽ കണ്ടെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കമല ഹമാസിനെ ഭീകരസംഘടനയെന്ന് വിമർശിച്ചത്.

'ഹമാസ് തുടരുന്ന ക്രൂരതയെ ഞാൻ അപലപിക്കുന്നു. ലോകം മുഴുവൻ ഹമാസിന്‍റെ നടപടിയിൽ അപലപിക്കണം. 1200 പേരെ കൂട്ടക്കൊല ചെയ്തതിലൂടെയും ആളുകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതിലൂടെയും ബന്ദികളാക്കിയതിലൂടെയും ഹമാസിന്‍റെ ക്രൂരത വ്യക്തമാണ്. ഇസ്രായേൽ ജനതയ്ക്കും ഇസ്രായേലിലെ അമേരിക്കൻ പൗരന്മാർക്കും ഹമാസ് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണം. ഗസ്സയെ നിയന്ത്രണത്തിലാക്കാൻ ഹമാസിന് കഴിയരുത്. ഫലസ്തീൻ ജനതയും ഹമാസിന് കീഴിൽ ദുരിതമനുഭവിക്കുകയാണ്' -കമല പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന സമാനതയില്ലാത്ത ക്രൂരതയെ കമല പരാമർശിച്ചില്ല. ഇസ്രായേലിന് യു.എസ് ആയുധം നൽകുന്നത് തുടരുമെന്ന സൂചനയാണ് കമല നേരത്തെയും നൽകിയിരുന്നത്. ‘ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാൻ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബർ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേൽ ജനത അഭിമുഖീകരിക്കരുത്’ -എന്നായിരുന്നു ഇത് സംബന്ധിച്ച് കമല നേരത്തെ പറഞ്ഞത്.

മാനുഷിക ദുരന്തമുഖത്തുള്ള ഗസ്സയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി തുടരുകയാണ്. ദെയ്ർ എൽ ബലാക്ക് സമീപത്തെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ ഇവിടെ അഭയം തേടിയിരുന്നു 11 ഫലസ്തീനികളെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റു. ഗസ്സയിലെ സൈനിക നടപടി ഒരു വർഷത്തോടടുക്കുമ്പോൾ 40,700 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 17,000ത്തോളം കുട്ടികളാണ്. 

Tags:    
News Summary - Hamas is an evil terrorist organization Kamala Harris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.