വാഷിങ്ടൺ: ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അർബുദമെന്ന് റിപ്പോർട്ട്. അസ്ഥി മജ്ജയിൽ വെയിൻസ്റ്റീന് അർബുദം സ്ഥിരീകരിച്ചുവെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതനായതിനെ തുടർന്ന് വെയ്ൻസ്റ്റീൻ ജയിലിൽ ചികിത്സയിലാണെന്നും എൻ.ബി.സി ന്യൂസ് പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഹാർവിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന റോയിട്ടേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹത്തിന്റെ വക്താക്കൾ തയാറായിട്ടില്ല. ഹാർവിയുടെ സ്വകാര്യതമാനിക്കണമെന്ന അഭ്യർഥനയാണ് ഹാർവിയുടെ വക്താക്കൾ നടത്തിയത്.
ഹാർവി വെയ്ൻസ്റ്റീന് ഇതിന് മുമ്പും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സെപ്റ്റംബറിൽ അദ്ദേഹം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ ഹാർവി വെയ്ൻസ്റ്റീനെ ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് ന്യൂയോർക്ക് സുപ്രീംകോടതി ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു. 2022 ൽ ലോസ് ഏഞ്ചൽസിൽ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ 72 കാരനായ വെയ്ൻസ്‌റ്റൈൻ ജയിലിൽ തുടരുകയായിരുന്നു.
2017 ൽ ആണ് വെയ്ൻസ്റ്റെയ്നെതിരെ സ്ത്രീകൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ലോകവ്യാപകമായി മീടു കാമ്പയിനിന് തുടക്കം കുറിക്കുന്നതിന് ഈ സംഭവം കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.