തെൽ അവീവ്: മൊസാദിന്റെ തെൽ അവീവിലെ ആസ്ഥാനം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന് ഹിസ്ബുല്ല. നേതാക്കളെ വധിച്ചതിന് പിന്നിലും പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിലും മൊസാദാണെന്നും അതിനാലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്ത മിസൈൽ നിർവീര്യമാക്കിയെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇസ്രായേൽ ഇക്കാര്യം അറിയിച്ചത്. മിസൈലിന്റെ വരവിന് മുന്നോടിയായി തെൽ അവീവിൽ സൈറണുകളും മുഴങ്ങിയിരുന്നു.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം ലബനാനിൽ ഉയരുകയാണ്. ഇതുവരെ 569 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 50 കുട്ടികളും 94 സ്ത്രീകളുമാണ് ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷത്തോളം പേർ വീടും മറ്റും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച് ഹിസ്ബുല്ല രംഗത്തെത്തിയിരുന്നു. ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ടെലിഗ്രാമിലൂടെ ബുധനാഴ്ച രാവിലെയായിരുന്നു അറിയിപ്പ്. വ്യോമാക്രമണത്തിലാണ് ഖുബൈസിയെ വധിച്ചതെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ 2000ത്തോളം ആക്രമണങ്ങൾക്ക് പിന്നിൽ ഖുബൈസിയാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. മൂന്ന് ഇസ്രായേൽ സൈനികരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയതും ഖുബൈസിയുടെ നേതൃത്വത്തിലാണെന്നും ഇസ്രായേൽസേന വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.