ലോസ് ആഞ്ജലസ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ച് വിഖ്യാത ഹോളിവുഡ് താരം റോബർട്ട് ഡി നീറോ. ട്രംപ് വെറും കോമാളിയെന്ന് റോബർട്ട് ഡി നീറോ ആരോപിച്ചു. ഗോഡ്ഫാദർ -2, ഗുഡ് ഫെല്ലാസ്, ടാക്സി ഡ്രൈവർ, ഹീറ്റ് എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ താരത്തിന് ലോകം മുഴുവനും ആരാധകരുണ്ട്.
അമേരിക്കയെ നശിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് ഡി നീറോ ആരോപിച്ചു. നവംബറിലെ തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ജീവന്റെ സ്വേച്ഛാധിപതി ആയി ട്രംപ് മാറുമെന്നും ഡി നീറോ പറഞ്ഞതായി ‘മിറർ’ ഓൺ ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്തിടെ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപോളിസ്’ സിനിമയുടെ പ്രീമിയർ ഷോയുടെ വേദിയിലാണ് ഹോളിവുഡ് ഇതിഹാസം ട്രംപിനെ ‘കശക്കി’യെറിഞ്ഞത്.
‘ഡൊണാൾഡ് ട്രംപ് ഈ ചിത്രം സംവിധാനം ചെയ്യുന്നതായി സങ്കൽപ്പിക്കൂ. മൊത്തത്തിലുള്ള ഭ്രാന്തിൽ നിന്ന് ഇത് എവിടെയും പോകില്ല. അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അയാൾക്ക് ഒന്നിനെയും ഒരുമിച്ച് കൊണ്ടുപോകാനുമാകില്ല ... രാജ്യത്തെ നശിപ്പിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. ഘടനയുള്ള ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിവില്ലെന്നും’ ഡിനീറോ കൂട്ടിച്ചേർത്തു.
എന്നെ സംബന്ധിച്ചിടത്തോളം, ഇത് അവസാനിച്ചിട്ടില്ല. റിപ്പബ്ലിക്കൻമാരെ തോൽപ്പിക്കാൻ നമ്മൾ പൂർണ്ണഹൃദയത്തോടെ പോകേണ്ടതുണ്ട്. അവർ യഥാർത്ഥ റിപ്പബ്ലിക്കൻമാരല്ല, ട്രംപിനെ തോൽപ്പിക്കുക എന്നത് വളരെ ലളിതമാണ്. അത്തരത്തിലുള്ള ഒരു വ്യക്തി നമുക്കുണ്ടാകില്ല. എല്ലാവരും വോട്ട് ചെയ്യണമെന്നും ഡിനീറോ പറഞ്ഞു. 78 കാരനായ ട്രംപിന്റെ മുഖത്ത് അടിക്കണമെന്ന് താരം നേരത്തേ പറഞ്ഞത് വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.