തെഹ്റാൻ: ഇസ്രായേലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങൾ നടത്താൻ ഇറാന് ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദ.
കഴിഞ്ഞ ഏപ്രിലിൽ ട്രൂ പ്രോമിസ് ഒന്ന് എന്ന പേരിലും ഒക്ടോബർ ഒന്നിന് ട്രൂ പ്രോമിസ് രണ്ട് എന്ന പേരിലും ഇസ്രായേലിനു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ച ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കകൾക്കിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇറാൻ നയതന്ത്ര കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഏപ്രിലിൽ ആദ്യ ആക്രമണം നടത്തിയത്. 300ലധികം മിസൈലുകളും ഡ്രോണുകളുമാണ് അന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. ഒക്ടോബർ ഒന്നിന് നടത്തിയ ആക്രമണത്തിൽ 200 മിസൈലുകളാണ് ഇസ്രായേലിലേക്ക് കുതിച്ചെത്തിയത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധത്തിന് പ്രതികാരമായാണ് ഓപറേഷൻ ട്രൂ പ്രോമിസ് രണ്ട് നടത്തിയത്. രണ്ടാം ആക്രമണത്തിൽ അയച്ച 90 ശതമാനം മിസൈലുകളും ലക്ഷ്യസ്ഥാനത്ത് പതിച്ചതായി പ്രതിരോധ മന്ത്രി പറഞ്ഞു.
അതിനിടെ, ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റ് ചർച്ചയായി. ക്ലോക്കിെന്റ സെക്കൻഡ് സൂചിയുടെയും വിക്ഷേപിക്കാൻ തയാറായിനിൽക്കുന്ന മിസൈലിെന്റയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ‘ശിക്ഷാ നേരം അടുത്തെത്തി’ എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. ഓപറേഷൻ ട്രൂ പ്രോമിസ് മൂന്നിനുള്ള മുന്നറിയിപ്പാണ് പോസ്റ്റ് എന്ന തരത്തിലാണ് ചർച്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.