ഉക്രെയ്നിലെ ഖാർകിവിൽ റഷ്യൻ വ്യോമാക്രമണം: ഒരു കുട്ടി കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്

കീവ്: ഉക്രെയ്‌നിലെ ഖാർകിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 11 വയസ്സുള്ള കുട്ടി കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ. തലക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ അപ്പാർട്ട്മെന്‍റി​ന്‍റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ലെന്ന് ഖാർകിവ് മേഖലാ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. മൂന്നു പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.  തകർന്ന അപ്പാർട്ട്മെന്‍റുകളിൽനിന്ന് പുക ഉയരുന്നതി​ന്‍റെയും അഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നതി​ന്‍റെയും ദൃശ്യങ്ങൾ ടെലിവിഷനിൽ കാണിച്ചു.

പാശ്ചാത്യ സഖ്യകക്ഷികളിൽനിന്ന് കൂടുതൽ സൈനിക സഹായം ആവശ്യമാണെന്ന് പുതിയ ആക്രമണം അടിവരയിടുന്നതായി പ്രസിഡന്‍റ് വ്ലാദിമർ സെലെൻസ്കി പറഞ്ഞു. ‘എല്ലാ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ പങ്കാളികൾക്ക് കാണാൻ കഴിയും. മാറ്റിവെക്കുന്ന ഓരോ തീരുമാനങ്ങൾക്കുമിടെ ഡസൻ കണക്കിന് ജീവനുകൾക്കുമേൽ നൂറുകണക്കിന് ബോംബുകൾ റഷ്യ പ്രയോഗിക്കു​ന്നുവെന്ന്’  സെലൻസ്കി ടെലഗ്രാമിൽ എഴുതി.

2022 ഫെബ്രുവരിയിൽ അധിനിവേശത്തി​ന്‍റെ ആദ്യ ദിവസങ്ങളിൽ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യൻ സേനയുടെ മുന്നേറ്റം പരാജയപ്പെട്ടതിനെ തുടർന്ന് ഖാർകിവ് ഉക്രെയ്നി​ന്‍റെ കൈകളിൽ തന്നെയായിരുന്നു. അതിനുശേഷം നഗരം റഷ്യൻ വ്യോമാക്രമണത്തി​ന്‍റെ പതിവ് ലക്ഷ്യമായി മാറി.

ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാനും സായുധ പരിശീലനത്തിനും 10,000ത്തോളം ഉത്തര കൊറിയൻ സൈനികരെ റഷ്യയിലേക്ക് അയച്ചതായി പെന്‍റഗൺ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൈനികരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതോടെ റഷ്യയുടെ ഉക്രെയ്ൻ യുദ്ധം വ്യാപകമാകുമെന്ന ആശങ്കയും യു.എസ് ഉയർത്തി. ഇതിനു പിന്നാലെയാണ് പുതിയ​ വ്യോമാക്രമണം.

അതിനിടെ, ഖാർകിവ് മേഖലയിലെ പ്രധാന പട്ടണമായ കുപിയാൻസ്‌കിന് സമീപമുള്ള ക്രുഹ്ലിയാകിവ്കയുടെ സെറ്റിൽമെന്‍റി​ന്‍റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത് ഉക്രെയ്നി​ന്‍റെ സൈന്യം ഇത് അംഗീകരിച്ചിട്ടില്ല. 15 റഷ്യൻ ആക്രമണങ്ങൾ ചെറുത്തതായും ഒമ്പത് ഏറ്റുമുട്ടലുകൾ ഇപ്പോഴും തുടരുന്നതായും പ്രദേശത്തെ ഒമ്പത് ഗ്രാമങ്ങൾ യുദ്ധത്തി​ന്‍റെ പിടിയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റഷ്യ ഈ മാസം കീവിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും നിരവധി അപ്പാർട്ട്‌മെന്‍റുകൾക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. റഷ്യ ഒറ്റരാത്രികൊണ്ട് 62 ഡ്രോണുകൾ വിക്ഷേപിച്ചതായും എന്നാൽ, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ അവയിൽ 33 എണ്ണം നശിപ്പിച്ചയതായും ഉക്രെയ്ൻ വ്യോമസേന പുറത്തുവിട്ടു.

Tags:    
News Summary - Russian airstrike hits Ukraine's Kharkiv, kills child, injures 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.