സോള്‍: ഹാലോവീൻ ആഘോഷം ദക്ഷിണ കൊറിയയെ ദുരന്തഭൂമിയാക്കിയത് എങ്ങനെയാണ്?. സോളിന്റെ പ്രാന്തപ്രദേശത്തെ ഇറ്റാവോണിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപത്തെ ആഘോഷസ്ഥലത്തേക്ക് ലക്ഷത്തിലധികം പേരാണ് ഒഴുകിയെത്തിയത്.
എല്ലാ വർഷവും ഇവിടെയാണ് പ്രധാന ആഘോഷം നടക്കാറുള്ളത്. കുപ്പിക്കഴുത്തുപോലെ നാലുമീറ്റർ മാത്രം വീതിയുള്ള വഴിയിലൂടെ മൈതാനത്തേക്ക് ഒഴുകുകയായിരുന്നു ജനം. ആഘോഷസ്ഥലത്തേക്ക് സെലബ്രിറ്റി എത്തിയെന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം ഒന്നാകെ ഇളകിമറിഞ്ഞു. തിരക്ക് വർധിച്ചതോടെ ആളുകൾ പിറകിൽനിന്ന് തള്ളാൻ തുടങ്ങി. രാത്രി 10.22ഓടെയാണ് ആദ്യം അപകടം റിപ്പോർട്ട് ചെയ്തത്.
ഒരോരുത്തരായി മേൽക്കുമേൽ വീണപ്പോൾ പലർക്കും ശ്വാസംമുട്ടലും ഹൃദയാഘാതവുമുണ്ടായി. വീണുകിടക്കുന്നവർക്കു മേലെകൂടെ ആളുകൾ ചവിട്ടിക്കയറി. വൻ ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസിനുപോലും സംഭവസ്ഥലത്ത് എത്താനായില്ല. പൊലീസ് പ്രദേശത്തുനിന്നു മാറിനിൽക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായിരുന്നു. അപ്പോഴും പാട്ടും നൃത്തവും തുടർന്നതാണ് അതിശയം.
അതുകൊണ്ടുതന്നെ അപകട വ്യാപ്തിയറിയാതെ ആളുകളെ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് 153 പേരാണ് മരിച്ചത്. ഇവരിൽ ഏറെയും യുവാക്കൾ.
ഹൃദയാഘാതമുണ്ടായവർക്ക് സി.പി.ആർ ഉൾപ്പെടെ പ്രാഥമിക ചികിത്സ നൽകി പൊലീസും സന്നദ്ധപ്രവർത്തകരും അവസരത്തിനൊത്ത് ഉയർന്നില്ലായിരുന്നുവെങ്കിൽ ദുരന്തവ്യാപ്തി ഇരട്ടിയായേനെ. നാനൂറിലേറെ പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ആത്മാക്കളുടെ ദിനമാണ് 'ഹാലോവീൻ'. ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും. പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വെച്ച് അലങ്കരിക്കുന്നു.
അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. അതേസമയം, 'ഹാലോവീൻ' സാത്താൻ സേവക്ക് തുല്യമാണെന്നും അതിനാൽ വിട്ടുനിൽക്കണമെന്നുമാണ് വത്തിക്കാൻ നിലപാട്. പകരം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന 'ഹോളിവീൻ' ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും 2014ൽ വത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.