ഗസ്സ: ചിതറിത്തെറിച്ച കൈകാലുകൾ ഒരുവിധം കൂട്ടിവെച്ച് ഒപ്പിച്ച് പൊതിഞ്ഞ് വെള്ള പുതപ്പിക്കവെ അബൂ സാഹിർ അൽ മഗാരിയുടെ മനസ്സ് മരവിച്ചുകഴിഞ്ഞു. തൂവെള്ള ടൈലുകളുള്ള ഇടുങ്ങിയ മുറിയിൽ ഒരു മാസത്തിലേറെയായി ഈ 53കാരൻ ജീവിതത്തിലിന്നുവരെയില്ലാത്ത തിരക്കിലാണ്.
സെൻട്രൽ ഗസ്സ മുനമ്പിലെ ‘അൽ അഖ്സ രക്തസാക്ഷി ആശുപത്രി’യിൽ ദിവസവും നൂറിലേറെ മൃതദേഹങ്ങളാണ് ഇദ്ദേഹം കഫൻ ചെയ്യുന്നത്. ചില ദിവസങ്ങളിൽ 200 വരെയാകാം. ‘‘മിക്ക മൃതദേഹങ്ങളും വളരെ മോശമായ നിലയിലാണ് ആശുപത്രിയിലെത്തുന്നത്.
വേർപെട്ട കൈകാലുകൾ, ആഴത്തിലുള്ള മുറിവുകൾ, വികൃതമാക്കപ്പെട്ട മുഖം... കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. കുട്ടികളുടെ വേർപെട്ട കൈകാലുകൾ കാണുമ്പോൾ എന്റെ ഹൃദയം തകരുന്നു, അവർ എന്ത് ചെയ്തിട്ടാണ്. പക്ഷേ കരയാൻ എനിക്ക് സമയമില്ല’’. -അബൂ സാഹിർ പറയുന്നു.
രാവിലെ ആറുമുതൽ രാത്രി ഏഴുവരെ നിർത്താതെ മൃതദേഹങ്ങൾ പൊതിയുന്നതിനിടെ കരയാൻ എവിടെയാണ് സമയം. യുദ്ധം ആരംഭിച്ചശേഷം കുറഞ്ഞത് 2,476 ഫലസ്തീനികളുടെ മൃതദേഹങ്ങൾ അൽ-അഖ്സ രക്തസാക്ഷി ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്ന് ആശുപത്രി വക്താവ് മുഹമ്മദ് അൽ ഹാജ് പറഞ്ഞു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ദിവസങ്ങളോളം കിടന്ന് അസ്ഥികൾ കാണുന്ന വിധം ജീർണിച്ചതും അസഹനീയ ദുർഗന്ധം വമിക്കുന്നതുമായ മൃതദേഹങ്ങൾ അത്യധികം ആദരവോടെ സംസ്കാരത്തിന് തയാറാക്കുകയാണ് അബൂ സാഹിർ അൽ മഗാരി.
‘‘വിടവാങ്ങലിന്റെ നിമിഷങ്ങൾ ഹൃദയഭേദകമാണ്. പുറത്തുള്ള മാതാപിതാക്കൾ അവരുടെ സങ്കടത്തിൽ അലറിക്കരഞ്ഞ് ഭ്രാന്തന്മാരെ പോലെയാണ് പെരുമാറുന്നത്. കഴിയുന്നത്ര അവരോട് അനുകമ്പയുള്ളവരാകാൻ ഞാൻ ശ്രമിക്കാറുണ്ട്. പ്രിയപ്പെട്ടവരുടെ കീറിപ്പറിഞ്ഞ ശരീരഭാഗങ്ങൾ കണ്ട് ഞെട്ടിപ്പോയവരുടെ മുഖത്ത് നോക്കാൻ കഴിയില്ല. അത്തരമൊരു അവസ്ഥ ഒഴിവാക്കാൻ അത്യധികം വിരൂപമായ മൃതദേഹങ്ങൾ ബന്ധുക്കളെ കാണിക്കാതെ തുണി മൂടിക്കെട്ടി മൂടുപടത്തിൽ പേരെഴുതി വെക്കും’’.
15 വർഷമായി ഈ ആശുപത്രിയിൽ കഫൻ ചെയ്യുന്ന ഇദ്ദേഹം ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. മുമ്പും ഇസ്രായേൽ ബോംബാക്രമണങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തവണ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾക്ക് എന്തോ പ്രത്യേകയുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
‘മൃതദേഹങ്ങൾ കീറിയ കഷണങ്ങളായി എത്തുന്നു. ചിലത് തിരിച്ചറിയാൻ കഴിയാത്ത വിധം നശിക്കുന്നുണ്ട്’ എന്ന് ഇദ്ദേഹം പറയുമ്പോൾ വൈറ്റ് ഫോസ്ഫറസ് ഉൾപ്പെടെ മാരക രാസവസ്തുക്കൾ ഇസ്രായേൽ ഗസ്സയിൽ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഓർമ വരുന്നത്.
ഗസ്സ സിറ്റിയുടെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാർഥി ക്യാമ്പിലാണ് അബൂ സാഹിറിന്റെ കുടുംബം താമസിക്കുന്നത്. എല്ലാ മാതാപിതാക്കളെയും പോലെ അദ്ദേഹത്തിനും കുടുംബത്തെ കുറിച്ച് ആശങ്കയുണ്ട്. ‘‘ഒരു ദിവസം ഇസ്രായേൽ എന്റെ മക്കളുടെ തലക്കുമീതെയും തീ ബോംബ് തുപ്പുമെന്ന് അറിയാം. ഞാൻ ചോര തുടച്ച് തുണി പുതപ്പിക്കുന്ന മൃതദേഹം എന്റെ മക്കളുടേതാകുന്ന ഒരു ദിവസം വരുമെന്നറിയാം’’ -അഞ്ചു കുട്ടികളുടെ പിതാവായ അബൂ സാഹിർ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.