അടുക്കും ചിട്ടയും നിർബന്ധമായിരുന്നു എനിക്ക്, എന്നാൽ അവളങ്ങനെ ആയിരുന്നില്ല -അക്ഷത മൂർത്തിയെ കുറിച്ച് റിഷി സുനക്

ലണ്ടൻ: ''അടുക്കും ചിട്ടയും നിർബന്ധമായിരുന്നു എനിക്ക്. എന്നാൽ അവളതിന് നേർ വിപരീതമായിരുന്നു. ഞാൻ വളരെ ആലോചിച്ചാണ് ഓരോ കാര്യങ്ങളും തീരുമാനിക്കുക. എന്നാൽ അവൾ വളരെ പെട്ടെന്നാണ് എല്ലാം ചെയ്യുക. ഇങ്ങനെ പറഞ്ഞത് കൊണ്ട് അവൾക്ക് എന്നോടുള്ള സ്നേഹം കൂടാനൊന്നും പോകുന്നില്ല.സ്വപ്നാടത്തിൽ ജീവിക്കുന്ന ഒരാളാണ് അവൾ. വസ്ത്രങ്ങളും ചെരിപ്പുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടാകും. ദൈവമേ അവളുടെ ചെരിപ്പുകൾ....ഓർക്കുമ്പോൾ തന്നെ പേടിയാണ്. ''ജീവിത പങ്കാളിയായ അക്ഷത മൂർത്തിയെ കുറിച്ച് ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാർഥിയായ റിഷി സുനക് പറയുന്നു. ദ സൺഡെ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു റിഷി മനസ് തുറന്നത്.

ഈ വേർതിരിവുകളാണ് തങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നതെന്നും റിഷി വ്യക്തമാക്കി.  യു.എസിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ എം.ബി.എ പഠനത്തിനിടയിലാണ് റിഷിയും അക്ഷതയും കണ്ടുമുട്ടിയത്. 2006ൽ ബംഗ്ലൂരിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. രണ്ടു ദിവസം നീണ്ട വലിയ ആഘോഷമായിരുന്നു വിവാഹം. ഇന്ത്യൻ വംശജരായിരുന്നു സുനകിന്റെ മാതാപിതാക്കൾ. ഇംഗ്ലണ്ടിലെ സൗതാംപ്ടണിലാണ് സുനക് ജനിച്ചത്.

"അവൾക്കടുത്തിരിക്കാൻ വേണ്ടി മാത്രം ഞാൻ ക്ലാസിൽ കയറും"-യൂനിവേഴ്സിറ്റിയിലെ അക്ഷതക്കൊപ്പമുള്ള പ്രണയ നിമിഷങ്ങളെ കുറിച്ചും റിഷി പങ്കുവെച്ചു.

ദമ്പതികൾക്ക് രണ്ടു പെൺകുട്ടികളാണ്. 11 കാരി കൃഷ്ണയും ഒമ്പതുവയസുള്ള അനൗഷ്കയും. രണ്ടുപേരുടെയും വളർച്ചയിൽ റിഷിക്കും തുല്യപങ്കുണ്ട്. മക്കൾ പിറന്നതുമുതൽ അവർക്കൊപ്പം ചെലവഴിക്കാനായി സമയം മാറ്റി വെച്ച കാര്യങ്ങളും റിഷി പറഞ്ഞു. അവർക്കൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആഘോഷിക്കുകയായിരുന്നു. അവരെ പരിചരിച്ച് ശീലമുള്ളതിനാലായിരിക്കാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പോകുമ്പോൾ പുറത്തു കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ അറിയാതെ എന്റെ കൈകൾ അവരെയെടുക്കാനായി നീളും. പ്രചാരണങ്ങളിൽ ചിലപ്പോൾ കുടുംബവും റിഷിക്കൊപ്പമുണ്ടാകാറുണ്ട്.

ബ്രിട്ടനിൽ ആളുകളുടെ സ്വഭാവവും പ്രവൃത്തികളും കണ്ടാണ് ജനങ്ങൾ തീരുമാനമെടുക്കുക എന്നാണ് വിശാസം. അല്ലാതെ ആ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് നോക്കിയല്ല. ഞാൻ സമ്പന്നനാണിന്ന്. പ​ക്ഷേ വളർന്നു വന്നത് അങ്ങനെയായിരുന്നില്ല. ഇന്നത്തെ നിലയിലേക്ക് എത്താൻ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തു. എന്റെ കുടുംബവും നന്നായി അധ്വാനിച്ചു.-റിഷി തുടർന്നു. അക്ഷത മൂർത്തി നികുതി നൽകാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങ​ൾ കൂടി സൂചിപ്പിച്ചായിരുന്നു റിഷിയുടെ തുറന്നു പറഞ്ഞിൽ. അക്ഷതയുടെ വരുമാനമുണ്ടാക്കിയ വിവാദത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ചാൻസലറായിരിക്കെ ഉപയോഗിച്ച ഔദ്യോഗിക വസതിയിൽ നിന്ന് റിഷിയുടെ കുടുംബം താമസം മാറിയിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത.

കുതിച്ചുയരുന്ന പണപ്പെരുപ്പവും ജനങ്ങളുടെ ജീവിത നിലവാരവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന വിഷയങ്ങൾ. പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്കൊപ്പം നിന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും റിഷി ഉറപ്പു നൽകുന്നു. സെപ്റ്റംബർ അഞ്ചിനാണ് ബ്രിട്ടന് പുതിയ പ്രധാനമന്ത്രിയെ ലഭിക്കുക. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആണ് റിഷിയുടെ എതിരാളി.

Tags:    
News Summary - Iam Incredibly Tidy, She's Very Messy: Rishi Sunak On Married Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.