ലബനാനിൽ നേർക്കുനേർ യുദ്ധം; ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ എട്ടു ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ബൈറൂത്ത്: തെക്കൻ ലബനാനിൽ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും നേർക്കുനേർ പോരാട്ടം രൂക്ഷം. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനിക സ്ക്വാഡ് കമാൻഡർ ക്യാപ്റ്റൻ ഈതൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലബനാനിൽ കരയുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഒറ്റദിനം മാത്രം എട്ടു ഇസ്രായേൽ സൈനികർ കൊല്ലപ്പെടുന്നത്. അതേസമയം, മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചനയുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷ തലവന്മാരുമായി അടിയന്തര യോഗം ചേർന്നു. ഇസ്രായേൽ തിരിച്ചടിച്ചാൽ പ്രത്യാഘാതം കനത്തതായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല പോരാളികൾ ശക്തമായ ചെറുത്തുനിൽപ്പാണ് നടത്തുന്നത്. ദക്ഷിണ ലബനാൻ പട്ടണത്തിൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈനികരുടെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനിൽക്കുകയാണെന്ന് ഹിസ്ബുല്ല അറിയിച്ചു. മാറൂൻ അൽറാസ് ഗ്രാമത്തിൽ പോരാട്ടം തുടരുകയാണെന്നും ഉദൈസ പട്ടണത്തിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്തതായും ഹിസ്ബുല്ല അവകാശപ്പെട്ടു.

ഇസ്രായേലിനു ലബനാനുമിടയിലെ അതിർത്തിയായ ‘ബ്ലൂ ലൈൻ’ ലംഘിച്ച് ഇസ്രായേൽ സൈന്യം 400 മീറ്റർ കയറിയതായും വൈകാതെ പിൻവാങ്ങിയതായും ലബനാൻ സേന പറഞ്ഞു. വ്യോമസേനയുടെ കനത്ത ആക്രമണങ്ങളുടെ അകമ്പടിയിലാണ് ഇസ്രായേൽ കരസേന ലബനാനിൽ ആക്രമണം നടത്തുന്നത്. ഗോലാനി ബ്രിഗേഡ്, 188ാം കവചിത ബ്രിഗേഡ്, 6ാം കാലാൾപട ബ്രിഗേഡ് എന്നിവയാണ് ലബനാൻ ആക്രമണത്തിനായി വിന്യസിച്ചിരിക്കുന്നത്. ഹിസ്ബുല്ല തുരങ്കങ്ങൾ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരയുദ്ധമെന്നാണ് ഇസ്രായേൽ വിശദീകരണം.

ലബനാനിലേക്ക് കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സൈന്യം കടന്നുകയറിയത്. ഇസ്രായേലിലെ ഇറാൻ മിസൈലാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. കൂടുതൽ സൈനികരെ അടിയന്തരമായി മേഖലയിൽ വിന്യസിക്കുകയാണെന്ന് യു.എസും അറിയിച്ചതോടെ മേഖല കൂടുതൽ രക്തരൂഷിതമാകുമെന്ന ആശങ്ക വർധിച്ചു. തെക്കൻ ലബനാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. വ്യോമസേനയുടെയും പീരങ്കിപ്പടയുടെയും പിന്തുണയോടെ 36ാം ഡിവിഷനിലെ മൂന്ന് ബ്രിഗേഡുകളെയാണ് ബുധനാഴ്ച അധികമായി വിന്യസിച്ചത്. കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഗ്രാമങ്ങളിൽനിന്ന് ആളുകൾ ഒഴിയാൻ ഇസ്രായേൽ നിർദേശിച്ചു. യുദ്ധസാധ്യത കണക്കിലെടുത്ത് ഇറാൻ വിടാൻ വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ എന്നിവരെ വധിച്ചതിന് പ്രതികാരമായാണ് ചൊവ്വാഴ്ച വൈകീട്ടോടെ 180ലേറെ ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തത്. ഇസ്രായേലിൽ എഫ്35 വിമാനങ്ങൾ നിർത്തിയിട്ട നെവാറ്റിം താവളം അടക്കം മൂന്ന് സൈനിക കേന്ദ്രങ്ങൾ, മൊസാദ് ആസ്ഥാനം എന്നിവയിലോ പരിസരത്തോ മിസൈലുകൾ പതിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളിലെ ആക്രമണം സമ്മതിച്ച ഇസ്രായേൽ, യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ പറ്റിയില്ലെന്നും താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്നും അറിയിച്ചു. 

Tags:    
News Summary - IDF announces 1st soldier killed fighting in south Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.