ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ

സാൻസിബാർ: ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ. സാൻസിബാർ പ്രസിഡന്‍റും റെവലൂഷണറി കൗൺസിലിന്‍റെ ചെയർമാനുമായ ഹുസൈൻ അലി മ്വിനി തിങ്കളാഴ്ച കാമ്പസ് ഉദ്ഘാടനം നിർവഹിച്ചു. ടാൻസാനിയൻ ഉദ്യോഗസ്ഥർ, ഇന്ത്യയിൽ നിന്നുള്ള പ്രമുഖർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഇന്ത്യയുടെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ അന്താരാഷ്ട്ര വേദികളിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ് ടാൻസാനിയയിൽ ആരംഭിച്ച കാമ്പസ്. നിലവിൽ ബി.എസും എം.ടെക്കുമാണ് കാമ്പസിൽ ഉള്ളത് തുടർന്നുള്ള വർഷങ്ങളിൽ ഡാറ്റ സയൻസിലെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെയും കൂടുതൽ അക്കാദമിക് പ്രോഗ്രാമുകൾ ഉൾപ്പെടുത്തും. ആദ്യ ബാച്ചിൽ സാൻസിബാർ, താൻസാനിയ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഉള്ളത്.

ആദ്യ അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ കഴിഞ്ഞ മാസം ആരംഭിച്ചു. ഐ.ഐ.ടി മദ്രാസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം പ്രവേശനം നേടിയ മൊത്തം വിദ്യാർഥികളിൽ 40 ശതമാനം സ്ത്രീകളാണ്.

"ഇന്ന് ഐ.ഐ.ടി മദ്രാസ് സാൻസിബാർ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നു. അതിരുകൾക്കപ്പുറത്തുള്ള അറിവിന്റെയും നവീകരണത്തിന്റെയും യാത്ര ആരംഭിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മികവ് പുലർത്തുകയും സഹകരണം വളർത്തുകയും ചക്രവാളങ്ങൾക്കപ്പുറത്തേക്ക് സ്വപ്നം കാണാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യും" - ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പറഞ്ഞു.

സാൻസിബാർ ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ബ്വെലിയോ ജില്ലയിലെ കാമ്പസ് അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. സാൻസിബാർ സർക്കാറും ഇന്ത്യൻ സർക്കാറും സംയുക്തമായി സ്ഥിരം കാമ്പസ് ഉടൻ നിർമ്മിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - IIT Madras’ first international campus inaugurated in Tanzania’s Zanzibar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.