പാകിസ്താന്റെ പണമുപയോഗിച്ച് ഇന്ത്യ സന്ദർശിച്ചിട്ട് എന്തു നേട്ടമുണ്ടായി? -ബിലാവലിനെ വിമർശിച്ച് ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോയുടെ ഇന്ത്യ സന്ദർശനത്തിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ(പി.ടി.ഐ) ഇംറാൻ ഖാൻ. രാഷ്ട്രം വൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ് വിദേശയാത്ര നടത്തി വിദേശകാര്യമന്ത്രിയുടെ ധൂർത്തെന്ന് ഇംറാൻ ഖാൻ ആരോപിച്ചു.

ചാൾസ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങിൽ പ​ങ്കെടുക്കുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് യു.കെയിലാണ്. ഗോവയിൽ ഷാങ്ഹായി സഹകരണ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പ​ങ്കെടുക്കാനാണ് ബിലാവൽ ഇന്ത്യയിലെത്തിയത്. ലാഹോറിൽ നടന്ന വാഹനറാലിക്കിടെയാണ് ഇംറാൻഖാൻ ശഹ്ബാസിനെയും ബിലാവലിനെയും ലക്ഷ്യം വെച്ചത്.

''പാകിസ്താൻ ലോകത്തിന്റെ മുന്നിൽ അവമാനിക്കപ്പെട്ടിരിക്കുന്നു. ബിലാവൽ, നിങ്ങൾ ലോകം മുഴുവൻ സഞ്ചരിക്കുകയാണ്. എന്നാൽ പോകുന്നതിന് മുമ്പ് ആരോടെങ്കിലും ചോദിക്കാറുണ്ടോ രാജ്യത്തിന്റെ പണമുപയോഗിച്ചാണ് യാത്രകൾ നടത്തുന്നതെന്ന്. അതുകൊണ്ട് എന്ത് നഷ്ടവും നേട്ടവുമാണുണ്ടാകുന്നത്''-ഇംറാൻ ഖാൻ ചോദിച്ചു.

ഇന്ത്യ സന്ദർശിച്ചതു മൂലം എന്തുനേട്ടമാണ് പാകിസ്താന് കൈവരുന്നതെന്നും ഇംറാൻ ഖാൻ ചോദിച്ചു. സമ്മേളനത്തിൽ ബിലാവലിന്റെ ഭീകരവാദം തടയുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളോട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഭീകരവാദ വിഷയത്തിൽ പാകിസ്താന്റെ വിശ്വാസ്യത അവിടുത്തെ വിദേശ നാണ്യ വിനിമയ ശേഖരത്തേക്കാൾ വേഗത്തിൽ താ​ഴോട്ടു പോയിരിക്കുന്നുവെന്നായിരുന്നു ജയ്ശങ്കറുടെ പ്രതികരണം.

Tags:    
News Summary - Imran Khan against Bilawal Bhutto On India Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.