ഇസ്ലാമാബാദ്: സർക്കാർ ഉദ്യോഗസ്ഥരെ കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കേസ്. സർക്കാറിനെയും സൈനിക മേധാവിയെയും വിമർശിച്ച് സമൂഹ മാധ്യമമായ ‘എക്സ്’ൽ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഘം (എഫ്.ഐ.എ) അദിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്റെ അഭിഭാഷകരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാൻ തയാറാകില്ലെന്ന് ഇമ്രാൻ അറിയിച്ചതിനെതുടർന്ന് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി മടങ്ങി. രാജ്യത്ത് കലാപവും പ്രശ്നങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന ഇമ്രാന്റെ സമൂഹമാധ്യമ പോസ്റ്റുകളെക്കുറിച്ച് എഫ്.ഐ.എ അന്വേഷണം നടത്തുമെന്ന് നേരത്തേ ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ് മന്ത്രി അത്തുല്ല തരാർ പറഞ്ഞിരുന്നു.
ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഇമ്രാൻ നിരവധി തവണ സർക്കാറിനെയും സൈനിക മേധാവിയെയും ശക്തമായി വിമർശിച്ചിട്ടുണ്ട്.
പാകിസ്താന്റെ ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു വ്യക്തി അധികാരം സംരക്ഷിക്കാൻ രാജ്യത്തെ മുഴുവൻ അപകടത്തിലാക്കുന്നതെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീറിനെ പരാമർശിച്ച് വെള്ളിയാഴ്ച ഇമ്രാൻ ഖാൻ ‘എക്സ്’ൽ കുറിപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.