ഇസ്‍ലാമാബാദ്: ജയിലിൽ കിടക്കുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി ഇസ്‍ലാമാബാദിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ 24 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്.
ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) അനുഭാവികളും പ്രവർത്തകരും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. വാരാന്ത്യത്തിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.
ഇസ്‍ലാമാബാദ് ഇൻസ്‌പെക്ടർ ജനറലിന്റെ ഓഫിസ് ചീഫ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നാശനഷ്ടത്തിന്റെ കണക്ക് പരാമർശിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ 14 കോടി രൂപ വിലമതിക്കുന്ന 441 കാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ പറയുന്നു.
10 പോലീസ് വാഹനങ്ങൾ, 31 മോട്ടോർ സൈക്കിളുകൾ, 51 ഗ്യാസ് മാസ്കുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു.
പ്രതിഷേധക്കാർ മൂന്ന് സ്വകാര്യ വാഹനങ്ങൾക്കും ഒരു ക്രെയിനിനും കേടുപാടുകൾ വരുത്തി. സംഭവത്തിൽ പൊലീസുകാരൻ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.