ഇസ്‍ലാമാബാദ്: പാകിസ്‍താൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇംറാൻ നടത്താനിരുന്ന റാലി സർക്കാർ തടഞ്ഞു. ഇംറാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിന്റെ നൂറുകണക്കിന് അനുയായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലാഹോറിൽ അറസ്റ്റ് നടപടി തടയാൻ ഇംറാൻ അനുകൂലി ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ പൊലീസുകാരൻ മരിച്ചതിനു പിന്നാലെയാണ് ബുധനാഴ്ച നടത്താനിരുന്ന റാലി സർക്കാർ നിരോധിച്ചത്. തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്ക് എത്താൻ കഴിഞ്ഞദിവസം ഇംറാൻ പ്രവർത്തകരോട് ആഹ്വാനംചെയ്തിരുന്നു.
റാലി നടത്തി തലസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി റാണ സനാഉല്ല വ്യക്തമാക്കി. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാനാണ് ഇംറാന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സംഘർഷസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് തലസ്ഥാനത്തെ സുരക്ഷാസന്നാഹം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിനു സമീപത്തേക്ക് ഇംറാന്റെ പാർട്ടിക്കാർ എത്താതിരിക്കാൻ വലിയ കണ്ടെയ്നറുകൾ കൊണ്ടിട്ട് റോഡ് തടഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.