യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിനോട് പറയാൻ മോദിക്ക് കഴിയുമെന്ന് യു.എസ്

വാഷിങ്ടൺ ഡി.സി: റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം മുൻനിർത്തി, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് വ്ലാദിമിർ പുടിനോട് പറയാൻ നരേന്ദ്ര മോദിക്ക് കഴിയുമെന്ന് യു.എസ്. യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ നടന്ന റഷ്യൻ മിസൈലാക്രമണത്തെ സൂചിപ്പിച്ച്, കുട്ടികൾ കൊല്ലപ്പെട്ടതിൽ മോദി ദു:ഖം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണിത്. പുട്ടിനെ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രേരിപ്പിക്കാൻ ഇന്ത്യയുടെ ബന്ധം സഹായിക്കുമെന്നു വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറഞ്ഞു. രണ്ട് ദിന സന്ദർശനത്തിനായി മോദി റഷ്യയിലായിരിക്കെയാണ് യു.എസിന്‍റെ പ്രസ്താവന.

അതേസമയം, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇന്നലെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി സെലൻസ്കി രംഗത്തെത്തിയിരുന്നു. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.

'റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്കാണ് പരിക്കേറ്റത്. യുക്രെയ്നിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അർബുദരോഗികളെയാണ് ലക്ഷ്യമാക്കിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർ. അങ്ങനെയൊരു ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തക്കൊതിയനായ കുറ്റവാളിയെ ആലിംഗനം ചെയ്യുമ്പോൾ അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ്' -സെലൻസ്കി പറഞ്ഞു.

ഇതിന് പിന്നാലെയാണ് നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നു പുട്ടിനോടു മോദി പറഞ്ഞത്. യുദ്ധത്തിലായാലും ഭീകരാക്രമണത്തിലായാലും ജീവൻ നഷ്ടമാകുന്നത് മാനവികതയിൽ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നു. ബോംബുകൾക്കും ബുള്ളറ്റുകൾക്കുമിടയിൽ സമാധാന ചർച്ച വിജയിക്കില്ല – മോദി പറഞ്ഞു.

Tags:    
News Summary - India has ability to urge Putin to end war in Ukraine, says US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.