കസാൻ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപൂർണമായ പരിഹാരം വേണമെന്നും ഈ ലക്ഷ്യം കൈവരിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ നഗരമായ കസാനിൽ 16ാമത് ബ്രിക്സ് ഉച്ചകോടിക്കെത്തിയ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം തിരിച്ചുവരുന്നതിനെ ഇന്ത്യ പിന്തുണക്കുന്നതായി മോദി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണ നടത്തുന്ന റഷ്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തിന്റെ പ്രതിഫലനമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പുടിനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മാനുഷിക പരിഗണനക്ക് മുൻഗണന നൽകുന്ന സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ആഗോള വികസന അജണ്ടയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിൽ സംവാദ വേദിയായ ബ്രിക്സ് കൂട്ടായ്മയുമായുള്ള സഹകരണത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് റഷ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മോദി പറഞ്ഞു.
നേരത്തെ യുക്രെയ്ൻ സന്ദർശന വേളയിലും മോദി സമാധാനാഹ്വാനം നടത്തിയിരുന്നു. ഇതിനു ശേഷം യു.എന്നിലെത്തിയും ഇന്ത്യ സഹകരിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ബ്രിക്സിലെ മറ്റ് അംഗ രാജ്യങ്ങളിലെ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യ -ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ, ചൈനീസ് പ്രീമിയർ ഷീ ജിൻപിങ്ങുമായി മോദി ചർച്ച നടത്തിയേക്കും.
യുക്രെയ്നു പുറമെ പശ്ചിമേഷ്യയിലും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കുക എന്ന ആശയത്തിനാണ് ഇന്ത്യ മുൻതൂക്കം നൽകുന്നതെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ്കുമാർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ഇക്കൊല്ലം രണ്ടാം തവണയാണ് റഷ്യ സന്ദർശിക്കുന്നത്. ജൂലൈയിൽ ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിക്കാണ് മോദി എത്തിയത്. ഓഗസ്റ്റിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ച മോദി, പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.