യു.എൻ: ഇന്ത്യയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരിൽ ശ്രദ്ധേയമായ കുറവ്. 15 വർഷത്തിനിടെ 41.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പറയുന്നു. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി), ഓക്സ്ഫർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ) എന്നിവ സംയുക്തമായി ഓക്സ്ഫഡ് സർവകലാശാലയിൽവെച്ച് പ്രകാശനം ചെയ്ത ഗ്ലോബൽ മൾട്ടിഡൈമൻഷനൽ പോവർട്ടി ഇൻഡ്ക്സ് (എം.പി.ഐ) ആണ് ഇന്ത്യ കൈവരിച്ച നേട്ടം വ്യക്തമാക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ 15 വർഷംകൊണ്ട് പകുതിയിലധികം പുരോഗതി കൈവരിച്ചു. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറസ്, ഇന്തോനേഷ്യ, മൊറോകോ, സെർബിയ, വിയറ്റ്നാം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് രാജ്യങ്ങൾ. 2005/2006 മുതൽ 2019/2021 വരെയുള്ള കണക്കുകളാണ് യു.എൻ പുറത്തുവിട്ടത്. കോവിഡ് കാലത്തെ സമഗ്രമായ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ സമീപകാലത്തെ കണക്കുകൾ അവലോകനം ചെയ്യുന്നതിൽ പ്രയാസമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2005/2006 കാലത്ത് 64.5 കോടി ജനങ്ങളാണ് ദാരിദ്ര്യത്തിൽ കഴിഞ്ഞത്. എന്നാൽ, 2015/2016 കാലയളവിൽ ദരിദ്രരുടെ എണ്ണം 37 കോടിയായും 2019/2021 കാലയളവിൽ 23 കോടിയായും കുറഞ്ഞു. കുട്ടികളിലും പിന്നാക്ക ജാതിസമൂഹങ്ങളിലുമാണ് പുരോഗതി കൂടുതൽ പ്രകടമായത്. പോഷകാഹാരക്കുറവ് അനുഭവിച്ചിരുന്നവരുടെ എണ്ണം 2005/2006 കാലത്തെ 44.3 ശതമാനത്തിൽനിന്ന് 2019/2021ൽ 11.8 ശതമാനമായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.