വീണ്ടും നയതന്ത്ര യുദ്ധം?; ഹൈകമീഷണറും നയതന്ത്രജ്ഞരും ‘തൽപരകക്ഷി’കളാണെന്ന കനഡയു​ടെ പരാമർശത്തെ വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഹൈകമീഷണറും നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ട് കനഡ നടത്തിയ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ഇന്ത്യൻ ഹൈകമീഷണറും മറ്റ് നയതന്ത്രജ്ഞരും ആ രാജ്യത്തെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ‘വ്യക്തി താൽപര്യമുള്ളവർ’ ആണെന്ന് സൂചിപ്പിക്കുന്ന നയതന്ത്ര ആശയവിനിമയം ഇന്നലെ കനഡയിൽനിന്ന് തങ്ങൾക്ക് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യാ സർക്കാർ ഈ അപകീർത്തികരമായ ആരോപണങ്ങളെ ശക്തമായി നിരാകരിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ട്രൂഡോ സർക്കാറിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് ആരോപിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള ആരോപണങ്ങളുടെയും വാഗ് യുദ്ധങ്ങളുടെയും ഏറ്റവും പുതിയ എപ്പിസോഡ് ആയി മാറുകയാണ് ഇത്. 2023 ജൂൺ 18ന് സറേ നഗരത്തിലെ ഗുരുദ്വാരക്കു പുറത്ത് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാരുടെ പങ്കാളിത്ത സാധ്യത ഉന്നയിച്ച് ട്രൂഡോ സെപ്റ്റംബർ ആരോപണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വർഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി.

‘2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് നിരവധി അഭ്യർഥനകൾ നടത്തിയിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യാ ഗവൺമെന്‍റുമായി പങ്കിട്ടിട്ടില്ല. വസ്‌തുതകളൊന്നുമില്ലാതെ വീണ്ടും അവകാശവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലുള്ള ഇടപെടലുകളെ തുടർന്നാണ് ഏറ്റവും പുതിയ നടപടി. ഒരു അന്വേഷണത്തി​ന്‍റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണിത്. ട്രൂഡോക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെക്കാലമായുള്ളതാണെന്നും പ്രസ്താവനയിൽ പറയുന്നു.

‘2018ൽ വോട്ട് ബാങ്കി​ന്‍റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തി​ന്‍റെ ഇന്ത്യാ സന്ദർശനം, ഇന്ത്യക്കെതിരെ തീവ്രവാദ-വിഘടനവാദ അജണ്ടയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തി​ന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്, 2020 ഡിസംബറിൽ ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ നടത്തിയ നഗ്നമായ ഇടപെടൽ ഇക്കാര്യങ്ങൾ അദ്ദേഹം എത്രത്തോളം പോകുമെന്ന് കാണിച്ചുതരുന്നു. അദ്ദേഹത്തി​ന്‍റെ സർക്കാർ ഒരു രാഷ്ട്രീയ പാർട്ടിയെ ആശ്രയിച്ചിരിക്കുന്നു. അതി​ന്‍റെ നേതാവ് ഇന്ത്യക്കെതിരായ വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി ഉയർത്തിപ്പിടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളു’ എന്നും പ്രസ്താവനയിൽ പറയുന്നു.

36 വർഷം നീണ്ടുനിൽക്കുന്ന വിശിഷ്ട സേവനവുമായി ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈകമീഷണർ സഞ്ജയ് കുമാർ വർമ. അദ്ദേഹം ജപ്പാനിലും സുഡാനിലും അംബാസഡറായിരുന്നു. ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡ ഗവൺമെന്‍റ് അദ്ദേഹത്തിനുമേൽ വെച്ചുകെട്ടുന്ന ആരോപണങ്ങൾ പരിഹാസ്യവും അവജ്ഞയോടെ കാണേണ്ടതുമാണ്. നിലവിലെ ഭരണത്തി​ന്‍റെ രാഷ്ട്രീയ അജണ്ടയെ സേവിക്കുന്ന ഇന്ത്യയിലെ കനേഡിയൻ ഹൈകമീഷ​ന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യാ ഗവൺമെന്‍റ് ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള കനേഡിയൻ സർക്കാറി​ന്‍റെ ഏറ്റവും പുതിയ ശ്രമങ്ങൾക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കു​ണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - India slams Canada after Trudeau government names high commissioner, diplomats in investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.