ന്യൂയോർക്: മയക്കുമരുന്നിന് അടിമയായ വ്യക്തിയുടെ അടിയേറ്റ് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഹരിയാനയിൽനിന്നുള്ള വിവേക് സെയ്നിയാണ് (25) മരിച്ചത്. ജോർജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തിൽ ജനുവരി 16നായിരുന്നു സംഭവം.
കടയിൽ പാർട് ടൈം ജോലി ചെയ്തുവരുകയായിരുന്ന വിവേക്, ഇവിടെ സ്ഥിരമായി എത്തിയിരുന്ന പ്രതിയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. അമ്പതോളം തവണ തലയിൽ ചുറ്റികകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമി ജൂലിയർ ഫോക്നറിയെ അറസ്റ്റ് ചെയ്തു.
വിവേക് ജോലി ചെയ്തിരുന്ന കടയിലെ ജീവനക്കാരാണ് ജൂലിയറിന് ഭക്ഷണവും താമസസൗകര്യവും നൽകിയിരുന്നത്. ‘അയാൾ ഞങ്ങളോട് കോക്കും ചിപ്സും ആവശ്യപ്പെട്ടു. വെള്ളമടക്കം എല്ലാം ഞങ്ങൾ നൽകി. പിന്നീട് പുതപ്പുചോദിച്ചപ്പോൾ ഇല്ലാതിരുന്നതിനാൽ ജാക്കറ്റാണ് നൽകിയത്’ -കടയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ഡബ്ല്യു.എസ്.ബി ടി.വി റിപ്പോർട്ട് ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, ജൂലിയറിനോട് സ്ഥലംവിട്ടു പോകണമെന്നും അല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും വിവേക് പറഞ്ഞു. ഇതിനുശേഷം വിവേക് ജോലി കഴിഞ്ഞ് പോകാൻ തയാറെടുക്കുന്നതിനിടെ ഫോക്നർ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൽക്ഷണംതന്നെ മരണപ്പെട്ടു. പ്രതിയുടെ കൈയിൽനിന്ന് രണ്ട് ചുറ്റികയും കത്തികളും പൊലീസ് പിടിച്ചെടുത്തു.
ബി.ടെക് പൂർത്തിയാക്കി ഉപരിപഠനത്തിന് രണ്ടുവർഷം മുമ്പ് യു.എസിലെത്തിയ വിവേക്, അടുത്തിടെയാണ് എം.ബി.എ കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.