ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം അപ്രത്യക്ഷമായി; തകർന്നുവീണതായി സംശയം

ജക്കാർത്ത: ഇന്തൊനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായി. ശ്രീവിജ‍യ എയറിന്‍റെ ബോയിങ് 737 വിമാനമാണ് പറന്നുയർന്ന് മുക്കാൽ മണിക്കൂറിനകം അപ്രത്യക്ഷമായത്. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 കുട്ടികളാണ് വിമാനത്തിലുണ്ടായിരുന്നത്.

വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്‍റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. ഉച്ചക്ക് 1.56ഓടെ പറന്നുയർന്ന് നാല് മിനിറ്റിനകം വിമാനത്തിൽ നിന്ന് സിഗ്നൽ ലഭിക്കാതായി. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഉച്ച2.40നാണ്​ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെട്ടതെന്ന്​ വ്യോമഗതാഗത മന്ത്രാലയ വക്​താവ്​ അദിത ഐരാവതി വ്യക്​തമാക്കി. നാലു മിനിറ്റോളം വിമാനം നിയന്ത്രണം നഷ്​ടപ്പെട്ട്​ കുത്തനെ താഴേക്ക്​ പറന്നതായാണ്​ ഫ്ലൈറ്റ്​ ട്രാക്കിങ്​ ഡാറ്റകൾ നൽകുന്ന വിവരം​. 

വിമാനം കടലിൽ തകർന്നുവീണുവോയെന്ന് ഭയക്കുന്നതായി ഇന്തൊനേഷ്യൻ ഗതാഗത മന്ത്രി ബുദി കാര്യ സുമാദി ആശങ്ക പ്രകടിപ്പിച്ചു. കടലിൽ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായും എന്നാൽ ഇത് കാണാതായ വിമാനത്തിന്‍റെതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തെരച്ചിലിന് നേതൃത്വം നൽകുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പതിനായിരം അടി ഉയരത്തിൽ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്. 27 വർഷം പഴക്കമുള്ള വിമാനമാണിത്. ഇന്തൊനേഷ്യയിലെ ബജറ്റ് എയർലൈനാണ് ശ്രീവിജയ എയർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.