ഗസ്സ: ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊലചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് അന്താരാഷ്ട്ര സമൂഹം. സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. വീറ്റോ അധികാരത്തെ യു.എൻ രക്ഷാസമിതിയുടെ പ്രവർത്തനത്തെ തളർത്താനുള്ള ഉപകരണമായി മാറ്റുകയാണ് -ഗുട്ടെറസ് പറഞ്ഞു.
ഗസ്സയിലെ അൽറാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട്എബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കുനേരെ വ്യാഴാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു. 700 പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ‘ഞങ്ങൾ വിശദീകരണം ചോദിക്കും. എന്താണ് സംഭവിച്ചതെന്ന് സ്വതന്ത്രമായി അന്വേഷിക്കണം. ഞങ്ങൾ ഇരട്ടത്താപ്പ് സ്വീകരിക്കില്ല. അന്വേഷണത്തിൽ വെടിവെപ്പ് യുദ്ധക്കുറ്റമാണെന്ന് കണ്ടെത്തിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകണം’-ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാനി സെജോർനെ പറഞ്ഞു.
ഭക്ഷണം കാത്തുനിന്ന സാധാരണക്കാരെ കൊലപ്പെടുത്തിയത് തെറ്റും നിയമലംഘനവുമാണെന്നും ബ്രസീൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രായേൽ സൈന്യം വ്യക്തമായ വിശദീകരണം നൽകണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബയർബോക് ആവശ്യപ്പെട്ടു. ‘‘കൂട്ട ഭീതിയുണ്ടാക്കുന്ന വെടിവെപ്പ് എങ്ങനെ സംഭവിച്ചുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമായി വിശദീകരിക്കണം. ഇരകൾക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു’’-അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
12 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും ഇസ്രായേലിന് ആയുധം നൽകുന്നത് തടയാൻ തങ്ങളുടെ സർക്കാറിനുമേൽ സമ്മർദം ചെലുത്തുമെന്ന് വ്യക്തമാക്കി. പ്രോഗ്രസിവ് ഇന്റർനാഷനലിന്റെ ബാനറിലാണ് സംയുക്ത കത്ത് തയാറാക്കിയത്.
ലബനാൻ, കുവൈത്ത്, ഖത്തർ, സൗദി, ബഹ്റൈൻ, ഇറാൻ, ഒമാൻ, ജോർഡൻ, ഈജിപ്ത്, യമൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണവിതരണത്തിനായി കാത്തുനിന്നവർക്കുനേരെ വെടിവെപ്പുണ്ടായത് നടുക്കമുണ്ടാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇത് വെടിനിർത്തൽ ചർച്ചകളെ ബാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും വെടിവെപ്പ് സുതാര്യമായി അന്വേഷിക്കണമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.